പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എ.എസ്.ഐ കീഴടങ്ങി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എ.എസ്.ഐ എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ എ.എസ്‌ഐ വി.എച്ച്. നാസറിനെതിരേ പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒളിവില്‍ പോയ നാസര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. ഇതോടെ വൈകുന്നേരം അഞ്ചേകാലോടെ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 28ന് സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റില്‍ വച്ചാണു കേസിനാസ്പദമായ സംഭവം. നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണ് പഠിക്കുന്നത്.
ഇവിടെ മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന ബന്ധുവിന്റെ മകള്‍ കൂടിയായ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തെ ചെറുക്കാന്‍ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമര്‍ത്തി പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി ക്ലാസില്‍ പോയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു കാര്യം അറിഞ്ഞത്. പിന്നീട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തു കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമേ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങളും നാസറിനെതിരേ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ തന്റെ മകനും പഠിക്കുന്നുണ്ടെന്നും രോഗബാധിതനായതിനെത്തുടര്‍ന്നു മകനെ കൂട്ടിക്കൊണ്ടു പോകാന്‍ അന്നേ ദിവസം സ്ഥാപനത്തില്‍ പോയിരുന്നെന്നും നാസര്‍ നല്‍കിയ ജാമ്യഹരജിയില്‍ പറയുന്നു. എന്നാല്‍, തന്റെ അകന്ന ബന്ധുവാണു പരാതിക്കാരിയെന്നും തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് വ്യാജപരാതിക്ക് കാരണമെന്നും ഹരജിക്കാരന്‍ വാദിച്ചു.
എന്നാല്‍, പ്രതിക്കെതിരേ വേണ്ടത്ര തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പൊലിസ് ഉദ്യോഗസ്ഥന്‍ കൂടിയായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും കേസില്‍ ഇടപെടാന്‍ അനുമതി തേടിയിരുന്നു. ഇവയൊക്കെ കണക്കിലെടുത്ത് ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."