പാര്‍ട്ടി അംഗങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ്
വാഷിങ്ടണ്‍: ഒബാമ കെയറിനു പകരം യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ ബില്ലിന് അനുകൂലിക്കാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ക്കാണ് ട്രംപ് നിര്‍ദേശം നല്‍കിയത്.
അടുത്ത വര്‍ഷം നടക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പാക്കണമെങ്കില്‍ താന്‍ അവതരിപ്പിക്കുന്ന ബില്ലിനെ അനുകൂലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തി ആദ്യ ദിവസം ട്രംപ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഒബാമ കെയര്‍ നിര്‍ത്തലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് നല്‍കിയ വാഗ്ദാനമായിരുന്നു ഒബാമ കെയര്‍ റദ്ദാക്കുമെന്നത്. എന്നാല്‍ ട്രംപിന്റെ നടപടിക്കെതിരേ ജനരോഷം ഉയരുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളില്‍ പലരും ഇതിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ട്രംപ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യോഗത്തിലാണ് ട്രംപിന്റെ നിര്‍ദേശം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പല അംഗങ്ങളും ഹെല്‍ത്ത് കെയര്‍ ബില്ലിനെ എതിര്‍ക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ട്രംപ് നിവപാട് കര്‍ശനമാക്കിയത്. ബില്‍ ഇന്ന് യു.എസ് കോണ്‍ഗ്രസ് വോട്ടിനിടും. ബില്‍ പാസാക്കാന്‍ ട്രംപും വൈസ് പ്രസിഡന്റ് മൈക് പെന്‍സും തന്ത്രങ്ങളുമായി രംഗത്തുണ്ട്.
ഒബാമ കെയറിനേക്കാള്‍ പ്രയോജനപ്രദവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് തന്റേതെന്ന് ട്രംപ് അവകാശപ്പെടുന്നു.
ബില്‍ കോണ്‍ഗ്രസില്‍ പരാജയപ്പെട്ടാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്‌പൈസറും വ്യക്തമാക്കി. ഹൗസ് സ്പീക്കര്‍ പോള്‍ റയാനും ബില്‍ പാസാക്കുവാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."