സിവില്‍ സര്‍വിസ് നിയമനഘടന: അടിമുടി മാറ്റവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയുടെ ഘടനയിലും നിയമനങ്ങളുടെ രീതിയിലും അടിമുടി മാറ്റംവരുത്തി കേന്ദ്ര സര്‍ക്കാര്‍. സിവില്‍ സര്‍വിസ്(യു.പി.എസ്.സി) റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്നുമാസത്തെ പ്രത്യേക ഫൗണ്ടേഷന്‍ കോഴ്‌സിന് ശേഷമേ സര്‍വിസും കേഡറും അനുവദിക്കാവൂ എന്നതാണ് മോദി സര്‍ക്കാരിന്റെ പുതിയ നിലപാട്.
അഭിമുഖപരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഉടന്‍ തന്നെ യു.പി.എസ്.സി ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സര്‍വിസും കേഡറും തീരുമാനിക്കുകയായിരുന്നു നിലവില്‍. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ്(ഐ.എ.എസ്), ഇന്ത്യന്‍ പൊലിസ് സര്‍വിസ്(ഐ.പി.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ റവന്യൂ സര്‍വിസ് (ഐ.ആര്‍.എസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ്(ഐ.എഫ്.എസ്) തുടങ്ങി 24 അഖിലേന്ത്യ സര്‍വിസുകളിലേക്കാണ് ഇത്തരത്തില്‍ നിയമനം നടത്താറുള്ളത്.
പുതിയ നിര്‍ദേശമനുസരിച്ച് ഫൈനല്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും മികച്ച പ്രകടനം നടത്തിയാലും നിയമനം ലഭിച്ചേക്കില്ല. പകരം മൂന്നുമാസ ഫൗണ്ടേഷന്‍ കോഴ്‌സ് കൂടി വിജയിക്കണം.
സിവില്‍ സര്‍വിസ് ലഭിച്ചവര്‍ക്ക് ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹദൂര്‍ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എല്‍.ബി.എസ്.എന്‍.എ.എ) ആണ് പരീശിലീനം നല്‍കുന്നത്. എല്‍.ബി.എസ്.എന്‍.എ.എ നിയന്ത്രിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സ് തീരുമാനിക്കുന്ന അക്കാദമികളോ ആയിരിക്കും ഇനിമുതല്‍ സിവില്‍സര്‍വിസ് ലഭിച്ചവരുടെ ഭാവി തീരുമാനിക്കുക. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരായിരിക്കും ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍.
പുതിയ കേഡര്‍ നിയമനവും നയവും സംബന്ധിച്ച വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."