പ്രപഞ്ചോല്‍പത്തി: സി. രാധാകൃഷ്ണന്റെ പ്രബന്ധം ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു
കൊച്ചി: പ്രപഞ്ചത്തിന്റെ ഉല്‍പത്തി സംബന്ധിച്ച് ശാസ്ത്രസിദ്ധാന്തങ്ങള്‍ തിരുത്തിക്കുറിച്ച് എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ആവിഷ്‌കരിച്ച സിദ്ധാന്തം ശ്രദ്ധ നേടുന്നു. പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണത്തില്‍ ഇത് സംബന്ധിച്ച നിഗമനങ്ങള്‍ അടിച്ചുവന്നതോടെയാണിത്. പ്രി സ്‌പേസ് ജേണലിന്റെ ഡിസംബര്‍ ലക്കത്തില്‍ സി.രാധാകൃഷ്ണനും മകന്‍ കെ.ആര്‍ ഗോപാലും ചേര്‍ന്ന് എഴുതിയ ഗവേഷണ പ്രബന്ധമാണ് ചര്‍ച്ചയാകുന്നത്. 'അവ്യക്തത, ഫാബ്രിക് ഓഫ് സ്‌പേസ്'എന്ന ലേഖനം വിശദപഠനം അര്‍ഹിക്കുന്നുവെന്ന് കേരള സയന്‍സ് ആന്‍ഡ് ടെക്‌നോളജി സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഭൗതികശാസ്ത്ര തത്വത്തില്‍ നിന്ന് മാറി സ്‌പെയ്‌സ് അഥവാ ഇടം എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് സി.രാധാകൃഷ്ണന്‍ ദര്‍ശനം അവതരിപ്പിക്കുന്നത്.
സ്ഥലം, കാലം,ദ്രവ്യം,ഊര്‍ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവിലുള്ള സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്നതാണിത്.'അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത, അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ'എന്ന ഗീതാ ശ്ലോകമാണ് ഈ ചിന്തയിലേക്ക് തന്നെ നയിച്ചതെന്ന് സി.രാധാകൃഷ്ണന്‍ വിശദീകരിച്ചു.
സകല ചരാചരങ്ങളും അവ്യക്തതയില്‍ നിന്നുണ്ടായി ഇടക്കാലത്ത് മാത്രം വ്യക്തതയാര്‍ജിച്ച് മരണാനന്തരം അവ്യക്തം തന്നെ ആയിത്തീരുന്നു എന്നാണ് ശ്ലോകാര്‍ഥം. പ്രപഞ്ചസൃഷ്ടിയിലും അവ്യക്തം എന്ന സങ്കല്‍പ്പമാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ അവ്യക്തതയുടെ പ്രത്യക്ഷമാണ് സ്ഥലം. സ്‌പേസിന്റെ വളര്‍ത്തുസ്പന്ദനമാണ് പദാര്‍ഥകണം. ചുഴികള്‍ വെള്ളത്തില്‍ നീങ്ങുന്നതുപോലെ പദാര്‍ഥകണങ്ങള്‍ അവ്യക്തതയിലൂടെ സഞ്ചരിക്കുന്നു. സ്പന്ദനാവസ്ഥയില്‍ നിന്നും സ്വാസ്ഥ്യാവസ്ഥയെ പ്രാപിക്കാനുള്ള പദാര്‍ഥകണത്തിന്റെ തത്രപ്പാടാണ് എല്ലാബലങ്ങള്‍ക്കും ആധാരം.
ബലത്തിന്റെ തോതനുസരിച്ച് ഗുരുത്വാകര്‍ഷണം മുതല്‍ മേലോട്ട് ആണവ ശക്തിവരെ പിറവിയെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരായുസിന്റെ ഗവേഷണഫലമാണ് തന്റെ കണ്ടെത്തലെന്നും പ്രപഞ്ചരഹസ്യങ്ങളുമായി ബന്ധപ്പെട്ട സമസ്യകള്‍ ചുരുളഴിക്കാന്‍ ഇതിന് കഴിയുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 60 കൊല്ലം മുന്‍പ് വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയ ഗവേഷണം മകന്‍ ഡോ.കെ.ആര്‍ ഗോപാലിന്റെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."