പ്ലസ് ടു പരീക്ഷ: ബയോളജിയിലും വില്ലന്‍ ചോദ്യങ്ങള്‍; വിജയശതമാനം കുറയ്ക്കാനെന്നും ആരോപണം
കളമശേരി: ഇന്നലെ നടന്ന പ്ലസ് ടു ബയോളജി ചോദ്യപേപ്പറിലും നിരവധി അപാകതകള്‍. നന്നായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും ചോദ്യങ്ങള്‍ കണ്ട് അമ്പരന്നു. പാര്‍ട്ട് എയിലെ ബോട്ടണി പേപ്പറിലും ബിയില്‍ സുവോളജിയിലും17 ചോദ്യങ്ങള്‍ വീതമാണുണ്ടായിരുന്നത്. പല ചോദ്യങ്ങളും കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത രീതിയിലായിരുന്നു. സംശയങ്ങള്‍ തീര്‍ത്തു നല്‍കാന്‍ അധ്യാപകരും പാടുപെട്ടു.
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ എല്ലാം വിശദമായി ഉത്തരമെഴുതേണ്ടതായിരുന്നു. കുട്ടികള്‍ നട്ടം തിരിയുന്നതു കണ്ട ബയോളജി അധ്യാപകര്‍ പരാതി പറഞ്ഞതിനാല്‍ മിക്ക സ്‌കൂളുകളിലും പരീക്ഷ ഹാളുകളില്‍ പ്രിന്‍സിപ്പലും അധ്യാപകരും എത്തി അറിയാവുന്ന പോലെ എഴുതുക, മാര്‍ക്കിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ആശ്വസിപ്പിക്കുകയായിരുന്നു.
ഫിസിക്‌സ് പരീക്ഷയിലെ ചോദ്യങ്ങളും സിലബസിലില്ലാത്തതായിരുന്നു. ആദ്യ ദിവസത്തെ മാത്തമാറ്റിക്‌സിന്റെ ചോദ്യപേപ്പര്‍ കുട്ടികളെ വലച്ചിരുന്നു. വ്യാപകമായ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് വിദ്യഭ്യാസ വകുപ്പ് ഇതു പരിശോധിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അനൗദ്യോഗികമായി ഇറങ്ങിയ കണക്ക് പരീക്ഷയുടെ ഉത്തരസൂചിക പ്രകാരം രണ്ട് ചോദ്യങ്ങള്‍ തെറ്റായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മറ്റും തയാറാക്കുന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ പലതും പഠിപ്പിച്ചിട്ടുള്ള രീതിയിലുള്ളതല്ലെന്നും പരാതിയുണ്ട്.
കുട്ടികളുടെ പഠന നിലവാരം മനസിലാക്കാന്‍ സാധിക്കാത്തവരെ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയതാണ് ചോദ്യപേപ്പര്‍ കടുകട്ടിയാകാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസെടുത്ത് ശീലമില്ലാത്ത ഭരണ പക്ഷ അനുകൂല സംഘടനാ നേതാക്കളും മറ്റുമാണ് ചോദ്യപേപ്പര്‍ തയാറാക്കാനുള്ള പാനലിലുണ്ടായിരുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാര്‍ക്ക് അധികമായി നല്‍കിയാണ് വിജയശതമാനം വര്‍ധിപ്പിച്ചതെന്ന് വരുത്തുന്നതിനായി ഇത്തവണ വിജയശതമാനം കുറക്കാനുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായാണ് ഈ രീതിയില്‍ ചോദ്യപേപ്പര്‍ ഉണ്ടാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."