തൊഴിലാളികള്‍ക്കൊപ്പം ഒരുദിനം: തൊഴില്‍മന്ത്രി ആര്‍.പി.എല്ലില്‍ എത്തുന്നു
പുനലൂര്‍: തോട്ടം തൊഴിലാളികളുടെ ജീവിതസ്ഥിതികള്‍ നേരിട്ടറിയാനും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമേകാനുമായി തൊഴില്‍ മന്ത്രിയെത്തുന്നു. റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിന്റെ (ആര്‍.പി.എല്‍) ആയിരനല്ലൂര്‍, കുളത്തൂപ്പുഴ എസ്റ്റേറ്റുകള്‍ സന്ദര്‍ശിക്കാനാണ് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ 24 ന് എത്തുന്നത്.
തൊഴിലാളികള്‍ക്കൊപ്പം ഒരു ദിനം പദ്ധതിക്ക് തുടക്കമിടുന്നതിന്റെ ഭാഗമാണിത്. 23 ന് വൈകിട്ടോടെ ആര്‍.പി.എല്ലില്‍ എത്തുന്ന മന്ത്രി രാത്രിയില്‍ എസ്റ്റേറ്റില്‍ തങ്ങും. തൊഴിലാളി ലയങ്ങളുടെ സന്ദര്‍ശനം 24 ന് രാവിലെ 9 ന് തുടങ്ങും. വൈകിട്ട് 3 വരെയാണ് സന്ദര്‍ശനം. 930 ന് കുളത്തൂപ്പുഴ ഫാക്ടറി സന്ദര്‍ശിക്കും. 11ന് ആയിരനല്ലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളില്‍ നിന്ന് പരാതികള്‍ നിര്‍ദേശങ്ങള്‍ എന്നിവ നേരിട്ട് സ്വീകരിക്കും.
ഉച്ചക്ക് 12ന് തൊഴിലാളികളുടെ ഭവനപദ്ധതിക്ക് പരിഗണിച്ചിട്ടുള്ള സ്ഥലം സന്ദര്‍ശിക്കും.12.30ന് റബര്‍ കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളില്‍ കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി മന്ത്രി കശുമാവ് തൈ നടും. 2ന് കൂവക്കാട് സ്‌ക്കൂളില്‍ മന്ത്രി തൊഴിലാളികളുടെ പരാതികള്‍ ആവശ്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ സ്വീകരിക്കും.
ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് മരണപ്പെട്ട തൊഴിലാളി വിശ്വനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപധനസഹായം മന്ത്രി കൈമാറും.
വനം മന്ത്രി കെ രാജുവും തൊഴില്‍ മന്ത്രിയ്‌ക്കൊപ്പമുണ്ടാകും ആര്‍.പി.എല്‍ തൊഴിലാളികള്‍ പതിറ്റാണ്ടുകളായി ബുദ്ധിമുട്ടിയിരുന്ന ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നത്തിനുള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ തൊഴില്‍മന്ത്രിയുടെതുള്‍പ്പടെ യുളള ഫലപ്രദമായ ഇടപെടീലില്‍ സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."