ഓഖി: പുതിയ വള്ളങ്ങളും വലയും വാങ്ങാന്‍ 3.08 കോടി അനുവദിച്ചു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ഒരു സര്‍ക്കാര്‍ പദ്ധതി കൂടി.
ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന ഉപാധികള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 64 മത്സ്യത്തൊഴിലാളികള്‍ക്ക് 3.08 കോടിരൂപയുടെ ധനസഹായം കൂടി അനുവദിച്ചു. പുതിയ വള്ളങ്ങളും വലയും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ തുക പ്രയോജനപ്പെടും. ഓഖിയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതിന് ഏകദേശം തത്തുല്യമായ പരിഹാര തുകയാണ് നല്‍കുന്നത്.
യാനങ്ങള്‍ നഷ്ടപ്പെട്ടവരുമായും മത്സ്യത്തൊഴിലാളികളുമായും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നേരത്തെ ചര്‍ച്ച നടത്തിയപ്പോള്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇവര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫിഷറീസ് ഓഫിസര്‍, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍, മത്സ്യഫെഡ് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ ഒന്‍പത് മത്സ്യഗ്രാമങ്ങളിലെ പൂര്‍ണമായി മത്സ്യബന്ധന യൂനിറ്റുകള്‍ നഷ്ടപ്പെട്ട 64 മത്സ്യത്തൊഴിലാളികളെ ധനസഹായത്തിന് തെരഞ്ഞെടുക്കുകയുമായിരുന്നു.
മത്സ്യബന്ധന യാനം, എന്‍ജിന്‍, വല, ജി.പി.എസ് മറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാര തുക ശാസ്ത്രീയമായി നിശ്ചയിച്ചാണ് ധനസഹായം നല്‍കുന്നത്.
പൊഴിയൂര്‍ മത്സ്യഗ്രാമത്തിലെ നാല് പേര്‍ക്ക് 49.17 ലക്ഷം, പൂവാറിലെ രണ്ട് പേര്‍ക്ക് 15.43 ലക്ഷം, പള്ളത്തെ ഒരാള്‍ക്ക് 3.29 ലക്ഷം, അടിമലത്തുറയിലെ ആറ് പേര്‍ക്ക് 23.55 ലക്ഷം, വിഴിഞ്ഞത്തെ 19 പേര്‍ക്ക് 83.15 ലക്ഷം, വലിയതുറയിലെ മൂന്ന് പേര്‍ക്ക് 11.42 ലക്ഷം, വെട്ടുക്കാട് മൂന്ന് പേര്‍ക്ക് 10.31 ലക്ഷം, പുത്തന്‍തോപ്പ് ഒരാള്‍ക്ക് 4.01 ലക്ഷം രൂപ വീതമാണ് സഹായധനമായി നല്‍കുക.
മറ്റ് തീരദേശ ജില്ലകളിലെ മത്സ്യബന്ധന ഉപാധികള്‍ നഷ്ടപ്പെട്ട ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അതത് ജില്ലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുടെ ശുപാര്‍ശ ശാസ്ത്രീയമായി പരിശോധിച്ച് നഷ്ടപരിഹാരം വിതരണം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."