കുട്ടികളുടെ യാത്രാ സുരക്ഷ; സ്‌കൂളുകളില്‍ നോഡല്‍ ഓഫിസര്‍മാര്‍
തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളിലും വാനുകളിലും സ്‌കൂളില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വിലയിരുത്താന്‍ നോഡല്‍ ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കി. ഇതിനായി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒരു മുതിര്‍ന്ന അധ്യാപകനെ ജില്ലാതലത്തില്‍ നോഡല്‍ ഓഫിസറായി നിയമിക്കാനും കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
വാഹനങ്ങളില്‍ കുത്തിനിറച്ചു കൊണ്ടു പോകുന്നതടക്കമുള്ള കുട്ടികളുടെ യാത്ര നോഡല്‍ ഓഫിസര്‍മാര്‍ നിരീക്ഷിക്കും. സ്‌കൂളില്‍ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ വിവരങ്ങളും അതില്‍ സ്ഥിരം യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും നോഡല്‍ ഓഫിസര്‍മാര്‍ സൂക്ഷിക്കണം. ജില്ലയിലെ മുഴുവന്‍ സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ഇതിനോടകം പൊലിസും ശേഖരിച്ചു കഴിഞ്ഞു.
ഈ അധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളിലെ ലഹരി ഉപയോഗത്തിനെതിരേ ജാഗ്രത പാലിക്കാന്‍ അധ്യാപകരുടെ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. സ്‌കൂള്‍ പരിസരത്ത് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. നായര്‍ അധ്യക്ഷനായ യോഗത്തില്‍ പൊതു വിദ്യാഭ്യാസം, പൊലിസ്, എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."