പകര്‍ച്ചവ്യാധി: ഗ്രാമവാസികള്‍ ജാഗ്രത പുലര്‍ത്തണം
കാക്കനാട്: നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിലും പ്രതിരോധിക്കുന്നതിലും ഗ്രാമവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കലക്ടര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.
മലയോരമേഖലകള്‍ കൊതുകുജന്യ പകര്‍ച്ചവ്യാധികളുടെ ഉത്ഭവസ്ഥാനങ്ങളായി മാറുകയാണ്.
മതിയായ ശ്രദ്ധ ലഭിക്കാതെ കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളിലും മറ്റും ചിരട്ടകളില്‍ കൊതുകുകള്‍ പെറ്റുപെരുകുകയാണ്. പല ഇടവേളകളിലായി ധാരാളം വേനല്‍മഴ ലഭിച്ചതിനാല്‍ തോട്ടങ്ങളിലെയും മറ്റും ചെറുകുഴികളില്‍ പോലും വെള്ളം കെട്ടിക്കിടക്കുകയാണ്. തോട്ടമുടമകള്‍ കൃത്യമായ കാടുവെട്ടല്‍ നടത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ആര്‍ദ്രം പദ്ധതിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ജില്ലകള്‍ തയ്യാറാക്കിയ പട്ടിക അന്തിമ തീരുമാനത്തിന് അയക്കാനും നിര്‍ദ്ദേശിച്ചു.
നിപ്പാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ സഹായം ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ടായി.
എ.ഡി.എം എം.കെ. കബീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ.കുട്ടപ്പന്‍, അഡീ.ഡി.എം.ഒ.ഡോ. ശ്രീദേവി എസ്, ജില്ലാ മലേറിയ ഓഫീസര്‍ സുമയ്യ എം, ഹരിത കേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."