തഴുപ്പ് ടൂറിസം പദ്ധതി അവഗണനയില്‍
തുറവൂര്‍: തഴുപ്പ് ടൂറിസം പദ്ധതി അവഗണനയില്‍. നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. മെഗാ ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പില്‍ ഒരു വിനോദ സഞ്ചാര കേന്ദ്രം ഒരുക്കിയത്.
തഴുപ്പ് കായലിനോട് ചേര്‍ന്ന് ബോട്ട് അടുപ്പിക്കാന്‍ ജെട്ടി, വിശ്രമിക്കാന്‍ പുല്‍ത്തകിടികള്‍, കോഫി ഷോപ്പ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
കായല്‍യാത്രയുടെ സുഖവും ഗ്രാമകാഴ്ചകളുടെ നൈര്‍മല്യവും ലഭ്യമാക്കാന്‍ നടപ്പാക്കിയ പദ്ധതി നിലവില്‍ ആര്‍ക്കും പ്രയോജനമില്ലാതായി. തഴുപ്പ് ഗ്രാമത്തിന്റെ മാറ്റത്തിനും വികസനത്തിനും വഴിതെളിക്കുമെന്ന് കൊട്ടിഘോഷിച്ച പദ്ധതി അനാഥമായി കിടക്കുന്നതില്‍ പ്രദേശവാസികള്‍ക്കും സഞ്ചാരികര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. എ.എം ആരീഫ് എം.എല്‍.എ. മുന്‍കൈയെടുത്ത് 2010 ലാണ് പ്രൊജക്ട് സമര്‍പ്പിച്ചത്. ഒന്നേകാല്‍ കോടി രൂപയായിരുന്നു ഇതിനായി നീക്കിവച്ചത്.
കായലിലേക്ക് തള്ളിനില്‍ക്കുന്ന ബോട്ടുജെട്ടിയായിരുന്നു പദ്ധതിയുടെ പ്രധാന ആകര്‍ഷണമായി എടുത്തുകാട്ടിയിരുന്നത്.
മീന്‍പിടിത്തക്കാരുടെ തൊഴിലിടം നഷ്ടപ്പെടുമെന്ന് ആരോപിച്ച് ചിലര്‍ പ്രതിഷേധവുമായി എത്തിയതോടെ കായലില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കുറ്റികള്‍ നീക്കി. ഇതുമൂലം ലക്ഷക്കണക്കിന് രൂപായുടെ നഷ്ടം സംഭവിക്കുകയും പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയും ചെയ്തു. പിന്നീട് ആരംഭിച്ച ജോലികള്‍ ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായി. കാക്കത്തുരുത്ത്, അരുക്കുറ്റി, തഴുപ്പ് എന്നി പ്രദേശങ്ങളെ ബന്ധിപ്പിച്ച് സര്‍ക്യൂട്ട് ടൂറിസമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ തഴുപ്പ് ടൂറിസം പദ്ധതി ജൂലൈയില്‍ തുറന്നുകൊടുക്കാനാവുമെന്ന് എ.എം.ആരീഫ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."