ഗുരു ചേമഞ്ചേരി 101-ാം പിറന്നാളിന്റെ നിറവില്‍
കൊയിലാണ്ടി: നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ 101-ാം പിറന്നാളിന്റെ നിറവില്‍. പ്രായം തളര്‍ത്താത്ത ചുറുചുറുക്കോടെ കലാ-സാംസ്‌കാരിക വേദികളില്‍ സജീവമായ ഗുരുവിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ ശിഷ്യരും നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള സുഹൃദ് സംഘം. ജൂലൈ ഒന്നിന് പിറന്നാള്‍ ദിനത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഗുരുവിന്റെ നൂറാം പിറന്നാള്‍ ദിനത്തില്‍ തുടക്കം കുറിച്ച 'ധന്യം നൂറരങ്ങ് ' പരിപാടിക്ക് മറ്റെന്നാള്‍ സമാപനം കുറിക്കും. സുപ്രസിദ്ധ നര്‍ത്തകന്‍ ഡോ. ബസന്ത് കിരണ്‍ (ബംഗളൂരു), സിനിമാ-സീരിയല്‍ താരം രചനാ നാരായണന്‍കുട്ടി, ബംഗളൂരു അലന്‍സ് സര്‍വകലാശാല നൃത്ത വിഭാഗം ഫാക്കല്‍റ്റി അശ്വതി എന്നിവര്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുഡി, കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന സുഭദ്രാഹരണം കഥകളി എന്നിവയോടെയാണ് പരിപാടിക്കു തിരശ്ശീല വീഴുക.
കഥകളിയോടൊപ്പം ഇതര കലാരൂപങ്ങളുടെയും പ്രതിമാസാവതരണത്തിനുള്ള സ്ഥിരം വേദിയായ കേളിയുടെ പ്രവര്‍ത്തനോദ്ഘാടനവും ഇതോടൊപ്പം നടക്കും. ചലചിത്ര സംവിധായകന്‍ അലി അക്ബര്‍ ഒരുക്കിയ 'ഗുരു നിത്യവിസ്മയം' എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് പിറന്നാള്‍ ആഘോഷം ആരംഭിക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ. ദാസന്‍ എം.എല്‍.എ പങ്കെടുക്കും. സംഘാടകരായ എന്‍.വി സദാനന്ദന്‍, കെ. ദാമോദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."