മദ്യവില്‍പനശാല മുണ്ടുപറമ്പ് ബൈപ്പാസിലേക്ക് മാറ്റുന്നതിനെതിരേ നാട്ടുകാര്‍
മലപ്പുറം: മലപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന വിദേശമദ്യഷോപ്പ് മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസില്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാരും പ്രദേശവാസികളും രംഗത്ത്. ബിവറേജ് ഔട്ട്‌ലറ്റ് ആരംഭിക്കുന്നതിനെതിരേ നാട്ടുകാരും സന്നദ്ധ സംഘടനകളും മദ്യനിരോധന പ്രവര്‍ത്തകരും ഒറ്റകെട്ടായി ചെറുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളുമായി നിരവധി പേര്‍ ദിനേ കാല്‍നടയായി യാത്ര ചെയ്യുന്ന ബൈപ്പാസില്‍ മദ്യശാല തുറക്കുന്നത് രക്ഷിതാക്കളും നാട്ടുകാരും ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശം കൂടിയാണിത്. ബൈപ്പാസില്‍ നേരത്തെ തന്നെ ധാരാളം ചരക്കു ലോറികളും മറ്റു വാഹനങ്ങളും പാര്‍ക്കു ചെയ്യുന്നത് അപകടങ്ങള്‍ വരുത്തിവെക്കാറുണ്ട്. ഇതിനിടയില്‍ മദ്യശാല കൂടി തുറക്കുന്നതോടെ അപകടം വര്‍ധിക്കാന്‍ കാരണമാകും. മദ്യവില്‍പന ശാലക്ക് സമീപം വാഹനാപകടങ്ങള്‍ അധികരിക്കുന്നത് കുറക്കുന്നതിന് വേണ്ടി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് എതിരാവും ഇതെന്നും ആശങ്കയുണ്ട്. മദ്യവില്‍പന ശാല തുടങ്ങാനുള്ള നീക്കത്തിനെതിരേ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അധികൃതര്‍ക്ക് ഭീമഹര്‍ജിയും നല്‍കും. മദ്യവില്‍പന ശാലക്കുള്ള കെട്ടിടം പണി നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം മുതല്‍ ഇവടേക്ക് മാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."