ഇതു താനൂരിലെ കഥ! പൊലിസ് വിരട്ടിയോടിച്ച പിതാവ് തിരിച്ചെത്തിയില്ല; മകളുടെ വിവാഹം അനിശ്ചിതത്വത്തില്‍
തിരൂര്‍: മകളുടെ വിവാഹത്തിന് ഒരു ദിവസം മാത്രം. എന്നാല്‍, കല്യാണവീട്ടില്‍ ബാപ്പയില്ല. ബന്ധുക്കളാരുമില്ല. വീട്ടില്‍ വിവാഹം നടക്കാന്‍ പോകുന്നുവെന്ന സൂചനപോലുമില്ല. ഇതു രാഷ്ട്രീയ സംഘര്‍ഷവും പൊലിസ് നടപടിയും ജനജീവിതം ഉഴുതുമറിച്ച താനൂര്‍ ചാപ്പപ്പടിയിലെ ദുരവസ്ഥയാണ്.
ചാപ്പപ്പടിയിലെ കുഞ്ഞീന്റെ പുരയ്ക്കല്‍ സലാമിന്റെ മകള്‍ തസ്‌നിയുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലാണ് കരിനിഴല്‍ വീണിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്നുള്ള പൊലിസ് നടപടിയെ തുടര്‍ന്ന് വീട്ടില്‍നിന്നു പോയതാണ് പിതാവ്. ഇതുവരെ തിരിച്ചുവന്നിട്ടില്ല. ഉറ്റവരായ മറ്റുള്ളവരുടെ സ്ഥിതിയും സമാനം. വിവാഹത്തിനു സ്വര്‍ണമെടുക്കാനും പലചരക്കു സാധനങ്ങള്‍ വാങ്ങാനും പോകാന്‍ ആരുമില്ലാത്ത അവസ്ഥ. സലാമിന്റെ ഭാര്യ സാജിദ മനംനൊന്ത് നില്‍ക്കുന്ന ചിത്രം മനസിനെ പിടിച്ചുലയ്ക്കുന്നതാണ്.
അരിയും തുണിയും ആഘോഷവുമൊന്നുമില്ലെങ്കിലും വെള്ളിയാഴ്ച ബാപ്പയില്ലാതെ എങ്ങനെ നിക്കാഹ് നടക്കും. അതാണ് പ്രധാന ചോദ്യം.
രാഷ്ട്രീയ സംഘര്‍ഷവും ക്രമസമാധാന പ്രശ്‌നങ്ങളും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഈ സംഭവം.
പുതിയ കടപ്പുറത്താണ് വരന്റെ വീട്. അവര്‍ക്ക് താനൂര്‍ തീരദേശത്തെ പ്രശ്‌നങ്ങളെന്തെന്നു വ്യക്തമായി അറിയാവുന്നതിനാല്‍ അതൊരു പ്രതിസന്ധിയായിട്ടില്ല. എങ്കിലും തസ്‌നിയുടെ പിതാവായ സലാമിന്റെയും ഉറ്റ ബന്ധുക്കളുടെയും അസാന്നിധ്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."