വേലി വിളവു തിന്നാല്‍..!
രാജാറോഡ് വികസനത്തിനു തടസമായി നഗരസഭയുടെ മതില്‍ നിര്‍മാണം
നീലേശ്വരം: രാജാറോഡ് വികസനത്തിനു മുന്നോടിയായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുമായുള്ള ചര്‍ച്ച നടക്കുമ്പോള്‍ തന്നെ റോഡ് വികസനത്തിനു തടസമായി നഗരസഭയുടെ മതില്‍ നിര്‍മാണം.
നഗരസഭാ കാര്യാലയത്തിന്റെ മതിലാണു പൊളിച്ചു പുതുക്കിപ്പണിയുന്നത്. റോഡ് വികസനത്തിനു 14 മീറ്റര്‍ ആവശ്യമാണ്. നിലവിലുള്ള റോഡിന്റെ ഇരുവശത്തു നിന്നും സ്ഥലം കണ്ടെത്തി വികസിപ്പിക്കുന്ന വിധമായിരുന്നു അലൈന്‍മെന്റ് തയാറാക്കിയിരുന്നത്. എന്നാല്‍ അതില്‍ നിന്നു വിരുദ്ധമായാണ് ഇപ്പോള്‍ മതില്‍ നിര്‍മിക്കുന്നത്. ഇതിനു പരിഹാരമായി എതിര്‍ വശത്തുനിന്നു സ്ഥലം കണ്ടെത്തി അലൈന്‍മെന്റ് മാറ്റാമെന്നാണു ചെയര്‍മാന്റെ വിശദീകരണം.
നേരത്തേ പാസായ ലോകബാങ്ക് ഫണ്ടിന്റെ സ്പില്‍ഓവര്‍ പ്രവര്‍ത്തിയാണ് ഇതെന്നും തുക നഷ്ടമാകുന്നതിനാലാണ് ഈ പ്രവര്‍ത്തി നടത്തുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം. റോഡ് വികസനത്തിനായി പൊളിച്ചു മാറ്റപ്പെടുന്ന കെട്ടിട ഉടമകളുടെയും ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടേയും അവസാനഘട്ട യോഗവും കഴിഞ്ഞതിനു പിറ്റേന്നാണു നഗരസഭയുടെ മതില്‍ നിര്‍മാണം.
നഗരവികസനത്തിനു മുന്‍കൈ എടുക്കേണ്ടവര്‍ തന്നെ അതിനു തടസമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.
ജലദിനത്തില്‍ മഴവെള്ള സംഭരണി പൊളിച്ചു നഗരസഭയുടെ 'മാതൃക'
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് ഈയിടെയാണ്. അതുപോലും മറികടന്നാണു നീലേശ്വരം നഗരസഭ മഴവെള്ള സംഭരണി പൊളിച്ചുമാറ്റിയത്
നീലേശ്വരം: ലോകമെങ്ങും ജലദിനം ആചരിക്കുമ്പോള്‍ ഉണ്ടായിരുന്ന മഴവെള്ള സംഭരണി പൊളിച്ചുനീക്കി നീലേശ്വരം നഗരസഭയുടെ 'മാതൃക'. നഗരസഭാ കാര്യാലയത്തോടനുബന്ധിച്ചുണ്ടായ സംഭരണി കഴിഞ്ഞ ദിവസം രാത്രിയാണു പൊളിച്ചത്. ചെര്‍ക്കളം അബ്ദുല്ല തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന കാലത്തു പണിതതായിരുന്നു ഇത്. വര്‍ഷങ്ങളായി ഈ സംഭരണി ഉപയോഗ ശൂന്യമായിരുന്നെങ്കിലും പുതുക്കി നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഇതു മുഖവിലയ്‌ക്കെടുക്കാതെയാണ് സംഭരണി പൊളിച്ചു നീക്കിയിരിക്കുന്നത്.
വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് ഈയിടെയാണ്. അതുപോലും മറികടന്നാണു നീലേശ്വരം നഗരസഭ മഴവെള്ള സംഭരണി പൊളിച്ചുമാറ്റിയത്.
നഗരസഭാ പരിധിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പ്രത്യേക യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തതിനു തൊട്ടടുത്ത ദിവസമാണ് ഈ പ്രവര്‍ത്തിയെന്നതും വിരോധാഭാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."