ടാഗോര്‍ പ്രവേശനം: സ്‌കൂളില്‍ രക്ഷിതാക്കളുടെ സത്യഗ്രഹം
തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ ഓഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തി. ഇന്നലെ രാവിലെ നറുക്കെടുപ്പിലൂടെ പ്രവേശനം നല്‍കുമെന്ന് നേരത്തെ അറിയിച്ചതനുസരിച്ചാണ് രാവിലെ തന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിലെത്തിയത്. എന്നാല്‍ നറുക്കെടുപ്പ് റദ്ദാക്കിയതായും പ്രവേശന നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചതായും പ്രധാനധ്യാപകന്‍ അറിയിച്ചതോടെയാണ് രോഷാകുലരായ രക്ഷിതാക്കള്‍ സത്യഗ്രഹം തുടങ്ങിയത്. കോടതിയുടെ പരിഗണനയിലുളള വിഷയമാണെന്ന് ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികാരികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്ന് ഉച്ചയോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പിരിഞ്ഞുപോയത്. പൊലിസും സ്ഥലത്തെത്തിയിരുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുന്ന ഘട്ടത്തിലാണ് അപേക്ഷ നല്‍കിയ രക്ഷിതാക്കളും കുട്ടികളും ആശങ്കയിലാഴ്ത്തി പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചതായി തീരുമാനം ഉണ്ടായത്. ഈ വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ച് ഒന്നും പറയാനാകാത്ത അവസ്ഥയിലാണ് സ്‌കൂള്‍ അധികൃതര്‍. സാധാരണ നിലയിലുളള പ്രവേശനം പ്രതീക്ഷിച്ച് ടാഗോറിലേക്ക് ടി.സി വാങ്ങിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരാശയിലാണ്. പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ കൂട്ടായ്മ സാധാരണ നിലയിലുളള പ്രവേശനത്തിനുളള സാഹചര്യം ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."