ഇതല്ല, പ്രതീക്ഷിച്ച ഇടതുഭരണം
ഒരുമാസംമാത്രം തികഞ്ഞ കുഞ്ഞിന്റെ ഭാവി പ്രഖ്യാപിക്കുന്നതു ഭംഗിയല്ലെങ്കിലും മുളയിലറിയാം വിളയുടെ കരുത്ത് എന്ന പഴമക്കാരുടെ വീക്ഷണം അപ്പാടെ തള്ളിക്കളയാവതല്ലല്ലോ. ആ നിലയ്ക്കു കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ തെറ്റില്ല.
ഒന്നാംഘട്ടത്തില്‍ ഉദ്യോഗസ്ഥവിന്യാസത്തില്‍ ശുഭസൂചന കണ്ടില്ല. സീനിയോറിറ്റി മറികടന്നു ലോക്‌നാഥ് ബഹ്‌റയെ താക്കോല്‍ ഏല്‍പിച്ചതു നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന വാദക്കാര്‍ക്കു മറുപടിയുണ്ടായില്ല. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പരിപൂര്‍ണ പിന്തുണയില്ലാതെ സ്റ്റാലിന്‍ വന്നാലും ഭരിഞ്ഞുകിട്ടില്ല. ഇന്ത്യ ആരു ഭരിക്കണമെന്നു ഭരണഘടനകൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ 1948 മുതല്‍ ഫലത്തില്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥഭരണമാണ് നടന്നുവരുന്നത്.
പൊലിസിനെ വിരട്ടുന്ന എം.എല്‍.എമാരും ബാഹ്യശക്തികള്‍ പരസ്യമായി ഇടപെടുന്ന അവസ്ഥയും കൂടിയായാല്‍ സിവില്‍ സര്‍വിസ് മേഖല അക്ഷരാര്‍ഥത്തില്‍ ശീതീകരിക്കപ്പെടും. മെത്രാന്‍ കായല്‍, ആറന്മുള, നെല്‍വയല്‍, ഡാറ്റാബാങ്ക് തുടങ്ങിയ കിടിലന്‍ പ്രസ്താവന കൊണ്ടുമാത്രം ഭരണചക്രം ശരിക്കും തിരിയുമെന്നു കരുതാനാവില്ല. മികച്ച മുദ്രാവാക്യം മാത്രം മതിയാവില്ലെന്ന് ബി.ജെ.പി ദേശീയനേതൃത്വത്തിന്, അനുഭവത്തിലൂടെ പഠിച്ച, പ്രധാനമന്ത്രി ഉപദേശം നല്‍കിയതു കഴിഞ്ഞവാരമാണ്.
അദാനിയില്‍നിന്ന് 6000 കോടി രൂപ കൈക്കൂലി വാങ്ങിയെന്നു പറഞ്ഞായിരുന്നു വി.എസ് ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന്റെ സാധ്യതകള്‍ താമസിപ്പിക്കാന്‍ വിഴിഞ്ഞം പദ്ധതി വിവാദമാക്കാന്‍ ശ്രമിച്ചത്. ഒരുമാറ്റവുമില്ലാതെ ആ പദ്ധതിയുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്ന പിണറായി വിജയന്റെ പ്രസ്താവന. ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ ജനപക്ഷമായിരുന്നില്ലെന്നും സങ്കുചിത രാഷ്ട്രീയ ലാഭ-നഷ്ടക്കണക്കു നോക്കിയാണെന്നും പറയാതെ പറയുകയായിരുന്നു.
അതിരപ്പിള്ളിയില്‍ കൈവെച്ചാല്‍ പൊള്ളുമെന്നായപ്പോള്‍ കടകംപള്ളിക്കു പറഞ്ഞതൊക്കെ പൊടുന്നനെ മാറ്റിപ്പറയേണ്ടിവന്നു. മുഖ്യമന്ത്രിയുടെ അറിവോ അനുവാദമോയില്ലാതെ മന്ത്രിമാര്‍ നടത്തിയ പല പ്രസ്താവനകളും അനുഭവജ്ഞാനത്തിന്റെ കുറവും ടീം മാനേജരുടെ കഴിവുകേടുമായി കരുതുന്നവരാണ് കേരളത്തിലെ രാഷ്ട്രീയനിരീക്ഷകര്‍.
പിണറായി വിജയന്റെ മുല്ലപ്പെരിയാര്‍ പ്രസ്താവന ഗുരുതരമാണ്. പതിവുപോലെ പരിസ്ഥിതിവാദക്കാരും മാധ്യമങ്ങളും സാംസ്‌കാരികന്മാരും പ്രതികരണം വഴിപാടിലൊതുക്കി. തമിഴകം പിണറായിയെ വാഴ്ത്തപ്പെട്ടവനാക്കി മാറ്റിയെന്നാണു കട്ടൗട്ടുകള്‍ നല്‍കുന്ന പാഠം. ചാനല്‍ചര്‍ച്ചപോലെ അത്രസുഖമുള്ളതല്ല ഭരണനിര്‍വഹണമെന്ന് സുനില്‍കുമാര്‍ പഠിച്ചുകാണും. മടവീണ കുട്ടനാട്ടിലൂടെ പരിവാരസമേതം നടത്തിയ ഉല്ലാസബോട്ടുയാത്രയും തേച്ചുമിനുക്കി വെടിപ്പാക്കി ഇസ്തിരിയിട്ട വാമൊഴികളും മാത്രമാണു കേരളീയര്‍ക്കു ലഭിച്ച മാറ്റം.
ജയരാജന്‍ ഒരുമാസം തികയുന്നതിനുമുന്‍പു രണ്ടുവിവാദത്തിലാണകപ്പെട്ടത്. കാഷ്യസ് മുഹമ്മദി ക്ലേയെയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെയും രണ്ടുരീതിയിലാണു ജയരാജന്‍ പിടികൂടി വധിച്ചത്. സാംസ്‌കാരികവകുപ്പു കൈകാര്യം ചെയ്യാനുള്ള യോഗ്യത പാര്‍ട്ടി കണ്ടെത്തിയ മന്ത്രി പാര്‍ട്ടി ലൈനിലൂടെ സഞ്ചരിക്കുമെന്നുറപ്പ്.
ഭരണപരിചയവും പക്വതയുമുണ്ടെന്നു കരുതിയ ഡോക്ടര്‍ തോമസ് ഐസക്കും നേരുപറഞ്ഞില്ല. ഖജനാവു കാലിയാണെന്നു തറപ്പിച്ചു പറഞ്ഞു. പിന്നെ, 700 കോടി ട്രഷറിയിലുണ്ടെന്നു സമ്മതിച്ചു. കടമെടുക്കുന്നതിന്റെപേരില്‍ ഒന്നിടവിട്ടദിവസം യു.ഡി.എഫ് സര്‍ക്കാരിനെ കുരിശില്‍തറയ്ക്കാന്‍ ആണിയുമായി നടന്ന ഐസക് മാസമൊന്നു തികയുംമുന്‍പു കടംവാങ്ങി റിക്കാര്‍ഡിട്ടു.
ജൂലൈയില്‍ ബജറ്റ് വരും. നാട്ടുകാരുടെ നടുവൊടിച്ചു കാണിച്ചുതരാമെന്ന മട്ടിലുള്ള പ്രസ്താവന മുന്‍കൂര്‍ ജാമ്യമായി വന്നു. മൂന്നുവര്‍ഷം കാര്യമായ വികസനം അസാധ്യമാണെന്നും കാര്യമായ നികുതിവര്‍ധനവാണു പരിഗണയിലുള്ളതെന്നുമാണു പ്രസ്താവനയിലെ രത്‌നച്ചുരുക്കം.
വിലക്കയറ്റം റോക്കറ്റുപോലെ ഉയരുമ്പോഴും പൊതുവിപണിയിലിടപെടാന്‍ ഭക്ഷ്യവകുപ്പിനു കഴിയുന്നില്ല. അനൂപ് ജേക്കപിന്റെ അപരിചിതത്വം അടിക്കടി ഓര്‍മിപ്പിച്ചിരുന്ന അഡ്വ. ജയശങ്കര്‍ മൗനവ്രതത്തിലായതു സി.പി.ഐ അനുഭാവമുള്ളതുകൊണ്ടാണെന്നു കരുതാം. വിദ്യാഭ്യാസവകുപ്പു മലാപറമ്പ് പാഠശാല കലക്ടറുടെ ചേംബറിലേയ്ക്കു മാറ്റിസ്ഥാപിച്ചതാണ് വാര്‍ത്തയില്‍ ഇടംനേടിയ ശുഭവാര്‍ത്ത. മിടുക്കും വിവരവമുള്ള വിദ്യാഭ്യാസമന്ത്രിയുടെ വര്‍ത്തമാനങ്ങളില്‍ മിതത്വവും പക്വതയും ദര്‍ശിക്കാനാവുന്നുണ്ട്. എങ്കില്‍പ്പോലും അന്താരാഷ്ട്ര അറബിക് സര്‍വകലാശാല പോലുള്ള അനിവാര്യതകള്‍ മന്ത്രി പറയാന്‍ മടിക്കുകയോ, മറക്കുകയോ ചെയ്യുന്നതു ദുരൂഹമാണ്.
എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്നു മികച്ചതെന്നു പറയാവുന്ന തുടക്കം ഉണ്ടാവാതെപോയി. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ചിലര്‍ക്കു സവിശേഷ സഹായവും സംരക്ഷണവും നല്‍കുമെന്ന പ്രസ്താവന കാഞ്ഞിരക്കുരു പാലിലിട്ടാലും കാലമേറെ കഴിഞ്ഞാലും കയ്പ്പുമാറില്ലെന്ന സത്യത്തിലേയ്ക്കുള്ള വിരല്‍ചൂണ്ടലായി. നൈതികതയല്ല, താല്‍പര്യങ്ങളും ശിഥിലീകരണത്തിന് അവസരമൊരുക്കലുമാണു പാര്‍ട്ടി സെക്രട്ടറി പറഞ്ഞിരുന്ന ആകെ വചനപ്പൊരുള്‍.
ജയലളിത സത്യപ്രതിജ്ഞ ചൊല്ലിയതു കേരളസര്‍ക്കാര്‍ വന്നു മൂന്നുനാള്‍ കഴിഞ്ഞാണ്. അവരവിടെ പ്രകടനപത്രിക നടപ്പാക്കിത്തുടങ്ങി. കര്‍ഷകകടം എഴുതിത്തള്ളി. 3000 പള്ളികളിലേയ്ക്കു റമദാന്‍ അരി നല്‍കി. വിദ്യാഭ്യാസാനുകൂല്യം വീട്ടിലെത്തി. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാതെ പാക്കേജുകളുമായി പ്രധാനമന്ത്രിയെക്കണ്ടു കാര്യംനേടി.
ഇവിടെ അഴിമതി, അഴിമതി എന്ന സ്വരം തുടരുകയാണ്. വില്ലേജ് ഓഫിസിലെ തിരക്കുപോലും കുറഞ്ഞിട്ടില്ല. അരിക്കും പൊള്ളുന്ന വില തുടരുകയാണ്. ഓണംവന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."