ബീഫ് കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ടു പേര്‍ക്ക് മര്‍ദനം
ന്യൂഡല്‍ഹി: ബീഫ് കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചു ഹരിയാനയില്‍ ഗോസംരക്ഷണസേനാ പ്രവര്‍ത്തകര്‍ രണ്ടു പേരെ മര്‍ദിച്ചു. മര്‍ദനത്തിനു ശേഷം ചാണകവും പശു മൂത്രവും കഴിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പു നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.
ഹരിയാനയിലെ മെവാതില്നിന്നു ഡല്‍ഹിയിലേക്ക് 700 കിലോഗ്രാം ബീഫ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു തങ്ങളുടെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും അതിലുണ്ടായിരുന്ന റിസ്വാന്, മുഖ്തിയാര്‍ എന്നിവരെ പഞ്ചഗവ്യം (ചാണകം, മൂത്രം, പാല്, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതം) കഴിപ്പിച്ചെന്നും ഗുഡ്ഗാവ് ഗോ രക്ഷക് ദള്‍ അധ്യക്ഷന്‍ ധര്‍മേന്ദ്ര യാദവ് പറഞ്ഞു. കുണ്ട്ലി-മനേസാര്പല്വാല് എക്സ്പ്രസ്വേയില് ജൂണ്‍ പത്തിനാണ് സംഭവം നടന്നത്. ഏഴ് കിലോമീറ്റര്‍ ഇവരുടെ കാറിനെ പിന്തുടര്‍ന്ന ശേഷം ഡല്‍ഹിക്കടുത്തു ബദര്‍പൂര്‍ ബോര്ഡറിനടുത്തുവച്ചാണ് ഇവരെ പിടികൂടിയതെന്നും കാറില്‍ 700 കിലോ ബീഫുണ്ടായിരുന്നെന്നും യാദവ് പറഞ്ഞു.
രണ്ടു പേര് റോഡിലിരിക്കുന്നതായി കാണിക്കുന്ന വീഡിയോ, ഇവര്‍ വെള്ളത്തിന്റെ സഹായത്തോടെ പഞ്ചഗവ്യം കഴിക്കാന്‍ ശ്രമിക്കുന്നതും കാണിക്കുന്നു. ചുറ്റും നില്ക്കുന്നവര് വേഗം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഗോമാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യം വിളിക്കാനും ഇരുവരോടും സംഘം ആവശ്യപ്പെടുന്നുണ്ട്. റിസ്വാനെയും മുഖ്തിയാറിനെയും സംഘം പിന്നീട് ഫരീദാബാദ് പൊലിസില്‍ ഏല്പിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്തതായി ഫരീദാബാദ് സരായി ഖ്വാജാ പൊലിസും സ്ഥിരീകരിച്ചു. ഇപ്പോള്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാല്‍, വിഡിയോയുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കു വിവരമില്ലെന്നാണ് പൊലിസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."