ബ്രൈറ്റലിങ് ഡി സി വിമാനം വീണ്ടും ദോഹയില്‍ ഇറങ്ങി
ദോഹ: ലോകത്തെ പൂര്‍ണമായി വലംവയ്ക്കുന്ന ഏറ്റവും പഴയ വിമാനമാവാനുള്ള ചരിത്ര യാത്രയ്ക്കിടെ ബ്രെയ്റ്റ്‌ലിങ് ഡി.സി 3 വിമാനം ദോഹയിലിറങ്ങി. ദുബയിലേക്കുള്ള യാത്രയ്ക്കു മുമ്പായി ഞായറാഴ്ചയാണ് ഡി സി3 ബഹറയ്‌നില്‍ നിന്ന് കടല്‍ മുറിച്ചു കടന്ന് ദോഹയുടെ ആകാശം വലം വച്ച് പറന്നിറങ്ങിയത്.
ഖത്തറില്‍ എണ്ണ കണ്ടെത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലായിരുന്നു ബ്രെയ്റ്റ്‌ലിങ് ഡിസി 3യുടെ ആദ്യ യാത്ര. ദൗത്യം ആരംഭിച്ചതു മുതല്‍ മിഡില്‍ ഈസ്റ്റിലെ വിശാലമായ മരുഭൂമിക്കു മുകളിലൂടെയുള്ള യാത്രയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് പൈലറ്റ് ഫ്രന്‍സിസ്‌കോ അഗുല്ലോ പറഞ്ഞു.
ഖത്തറിന് മുകളില്‍ കേവലം 2,000 അടി ഉയരത്തിലാണ് പറന്നത്. സാധാരണ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ഉയരത്തിലുള്ള ഈ പറക്കല്‍ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ യാത്ര കഴിഞ്ഞ് 77 വര്‍ഷം പൂര്‍ത്തിയാക്കിയ 2017 മാര്‍ച്ച് 9നാണ് ബ്രെയ്റ്റ്‌ലിങ് ഡിസി3 ലോക പര്യടനത്തിന് തുടക്കം കുറിച്ചത്. മാതൃരാജ്യമായ സ്വിറ്റസര്‍ലന്റില്‍ നിന്നു പുറപ്പെട്ട വിമാനം ഏഴ് മാസങ്ങള്‍ കൊണ്ട് 54 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 2017 സപ്തംബറില്‍ സ്വറ്റ്‌സര്‍ലന്റില്‍ നടക്കുന്ന ബ്രെയ്റ്റ്‌ലിങ് സിയോണ്‍ എയര്‍ഷോയില്‍ തിരിച്ചിറങ്ങും. ജോര്‍ദാനും ബഹ്‌റൈനും പിന്നാലെ ആറാമത്തെ സ്റ്റോപ്പായിരുന്നു ഖത്തറിലേത്.
ലോക പര്യടനത്തോട് അനുബന്ധിച്ച് ബെയ്റ്റ്‌ലിങിന്റെ പ്രശസ്തമായ നാവിമീറ്റര്‍ ഏവിയേഷന്‍ ക്രോണോഗ്രാഫിന്റെ(വിമാന യാത്രയില്‍ ഉപയോഗിക്കുന്ന പ്രത്യേക തരം വാച്ച്) 500 പീസുകള്‍ പുറത്തിറക്കുന്നുണ്ട്. ഇതില്‍ 25 എണ്ണം മിഡില്‍ ഈസ്റ്റ് വിപണിയിലെത്തും.
ആദ്യത്തെ ഡഗ്ലസ് ഡിസി3 ഇരട്ട എന്‍ജിന്‍ പ്രൊപ്പല്ലര്‍ വിമാനം 1935ലാണ് ആദ്യ യാത്ര നടത്തിയത്. 20 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന്റെ വേഗത മണിക്കൂറില്‍ 241 കിലോമീറ്ററായിരുന്നു.
ഇതിനകം 16,000 ഡിസി3 വിമാനങ്ങള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പ്രധാന കമ്പനികളെല്ലാം സ്വന്തമാക്കിയ ഈ വിമാനങ്ങളില്‍ 150ല്‍ താഴെ മാത്രമേ ഇപ്പോള്‍ പറക്കാവുന്ന പരുവത്തില്‍ ഉള്ളു. ഇപ്പോള്‍ ലോക പര്യടനം നടത്തുന്ന ബ്രെയ്റ്റ്‌ലിങ് ഡിസി3 വിമാനം 1940ലാണ് ആദ്യ യാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."