മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസ്; പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
മഞ്ചേരി: മലപ്പുറം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികളെ പത്ത് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മധുര നെല്ലൂര്‍ ഇസ്മയില്‍പുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ അബ്ബാസ് അലി(27), വിശ്വാനഥ നഗര്‍ ഷംസൂണ്‍ കരീം രാജ(22), മധുര നെല്‍പ്പട്ട പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍(22), സിയില്‍ ഷംസുദ്ദീന് (23), ആന്ധ്ര അത്തിക്കുളം സ്വദേശി മുഹമ്മദ് അയൂബ് എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്നലെ വൈകിട്ട് 3ന് പ്രതികളെ കനത്ത സുരക്ഷാവലയത്തിലാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചത്. ജില്ലാ സെഷന്‍സ് കോടതി അവധിയായതിനാല്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് പി. എസ് ശശികുമാര്‍ മുന്‍പാകെയാണ് പ്രതികളെ ഹാജരാക്കിയത്.
ഇന്നു മുതല്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം ഏപ്രില്‍ രണ്ടിന് പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കണം. ആന്ധ്രയിലെ നെല്ലൂര്‍ പൊലിസിന്റെ കസ്റ്റഡിയിലായിരുന്ന ഇവരെ ബുധനാഴ്ചയോടെയാണ് മലപ്പുറത്ത് എത്തിച്ചത്.
2016 നവംബര്‍ ഒന്നിന് പകല്‍ ഒരുമണിയോടെയായിരുന്നു മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ടാക്സി കാറിന് അടിയില്‍ പ്രഷര്‍ കുക്കര്‍ ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്തിയത്. കൂടാതെ കര്‍ണാടകയിലെ മൈസൂരു, ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ കോടതികള്ക്കുമുന്നിലും, കൊല്ലം കലക്ടറേറ്റ് വളപ്പിലുമായിരുന്നു മറ്റു സ്ഫോടനങ്ങള്‍ നടത്തിയിരുന്നത് . നവംബര്‍ 28നാണ് തെലങ്കാന പൊലിസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."