ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യത്തിന്റെ സുസ്ഥിരതയും സുരക്ഷയും തകര്‍ക്കാനുള്ള ഉപാധിയായി മാറരുത്: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ജിദ്ദ: ആവിഷ്‌കാര സ്വാതന്ത്ര്യം രാജ്യത്തിന്റെ സുസ്ഥിരതയും സുരക്ഷയും തകര്‍ക്കാനുള്ള ഉപാധിയായി മാറരുതെന്നും പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടുന്നതിന് രാജ്യസുരക്ഷയും ഭദ്രതയും കാത്തുസൂക്ഷിക്കല്‍ ഏറെ അനിവാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഏതു വിധേനയും ഐക്യമുണ്ടായാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യത്തിന് താനുള്‍പ്പെടെ നേതാക്കള്‍ പലവട്ടം ശ്രമിച്ചതാണെന്നും എന്നാല്‍ ചിലരുടെ ഇടപെടലുകള്‍ കൊണ്ടാണ് ഐക്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വേള്‍ഡ് ലീഗ് മക്കയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇത് നാലാം തവണയാണ് ആലിക്കുട്ടി മുസ്‌ലിയാര്‍ അന്താരാഷ്ട്ര ഫിഖ്ഹ് കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.
മുത്വലാഖ് വിഷയത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒരേ അഭിപ്രായത്തിലും ഐക്യത്തിലും നീങ്ങേണ്ടതുണ്ട്. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ തീരുമാനവും ഇതുതന്നെയാണെന്ന് ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മദ്‌റസാ അധ്യാപകന്‍ കൊല്ലപ്പെട്ടത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികളായ ഉബൈദുള്ള തങ്ങള്‍ മേലറ്റൂര്‍. സഹല്‍ തങ്ങള്‍, അബ്ദുള്ള ഫൈസി, അലി മൗലവി നാട്ടുക്കല്‍, അബ്ദുള്ള കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അസീസ് പറവൂര്‍, അബ്ദുല്‍ ബാരി ഹുദവി, ഹാഫിസ് ജഅഫര്‍ വാഫി. സവാദ് പേരാമ്പ്ര എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."