മിനുങ്ങും മിന്നല്‍
ഇടിമിന്നലിന്റെ കാരണം
തണ്ടര്‍സ്‌റ്റോം എന്ന് ഇംഗ്ലീഷില്‍ പേരിട്ടു വിളിക്കുന്ന കണ്‍വെക്റ്റീവ് മേഘഗണത്തില്‍പ്പെട്ട ക്യുമുലോ നിംബസ് മേഘപാളികളില്‍ ഉണ്ടാകുന്ന വൈദ്യുത പ്രവാഹമാണ് ഇടിമിന്നലായി തീരുന്നത്. ചിലപ്പോള്‍ ആകാശത്ത് കുടക്കല്ലു പോലെ ചില മേഘങ്ങലെ കാണാറില്ലേ. ഇതാണ് ക്യുമുലോ നിംബസ് മേഘം. ഒന്നു മുതല്‍ പതിനാറു കിലോമീറ്റര്‍ വരെ നീളമുള്ള മേഘമാണിത്. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ക്യുമുലോ നിംബസ് മേഘങ്ങള്‍ക്ക് 20 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുണ്ടാകാറുണ്ട്.
ആലിപ്പഴം തരും മേഘം
ഇടിമിന്നലുകളുടെ കാരണക്കാരന്‍ എന്നു മാത്രം വിശേഷിപ്പിച്ച് ക്യുമുലോ നിംബസ് മേഘങ്ങളെ തള്ളിക്കളയരുതേ. ആലിപ്പഴം പൊഴിക്കുന്നതും ശക്തമായ മഴ നല്‍കുന്നതും ഈ മേഘങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഇത്തരം മേഘങ്ങളില്‍നിന്നു പൊഴിയുന്ന ആലിപ്പഴത്തിന് 15 മുതല്‍ 20 സെ.മി.വരെ വലുപ്പമുണ്ടാകാറുണ്ട്. ഇതുപലപ്പോഴും കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും പരുക്കേല്‍ക്കാന്‍ ഇടയാക്കുന്നു.
ഹമ്പമ്പോ എന്തൊരു വോള്‍ട്ടേജ്
ഒരു മിന്നല്‍പിണര്‍ സൃഷ്ടിക്കുന്ന വോള്‍ട്ടേജ് എത്രയാണെന്ന് അറിയാമോ? ഏകദേശം പതിനായിരം വോള്‍ട്ട്.
താപനില
മിന്നല്‍ സൃഷ്ടിക്കുന്ന പാതയിലെ അന്തരീക്ഷ വായുവിന്റെ താപം 50000 ഡിഗ്രി സെല്‍ഷ്യസ് വരെയാകുന്നത് മേഖലയിലെ വായുവിന്റെ മര്‍ദ്ദം വര്‍ധിപ്പിക്കാനും ഇത് ഇടിമുഴക്കമുണ്ടാക്കുവാനും കാരണമാകുന്നു.
കേരളത്തിലെ മിന്നല്‍ കാലം
മാര്‍ച്ച് അവസാനം തൊട്ടു മെയ് മാസം വരെയും ഒക്ടോബര്‍ തൊട്ട് നവംബര്‍ വരെയുമാണ് കേരളത്തില്‍ മുഖ്യമായും മിന്നലുണ്ടാകുന്നത്. ഇതു പലപ്പോഴും ഉച്ചയ്ക്കു ശേഷമായിരിക്കും സംഭവിക്കുക.
സ്‌റ്റെപ്ഡ് ലീഡര്‍
മിന്നലുണ്ടാകുന്ന രീതി കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യം മേഘത്തിനുള്ളില്‍നിന്ന് ഒരു ശാഖ താഴേക്ക് നീണ്ടുവരും. അടുത്ത മിന്നലില്‍ അല്‍പ്പം കൂടി താഴോട്ട്. അതിനടുത്ത മിന്നലില്‍ അല്‍പ്പം കൂടി താഴേക്ക്. ഒടുവില്‍ ഭൂമിയിലേക്ക്...ഇങ്ങനെ പടിപടിയായി 50 മുതല്‍ 100 വരെ മീറ്റര്‍ താഴേക്കു സഞ്ചരിച്ചാണ് മിന്നല്‍ ഭൂമിയിലെത്തുന്നത്. ഈ പ്രതിഭാസത്തിനു പറയുന്ന പേര് സ്റ്റെപ്ഡ് ലീഡര്‍ എന്നാണ്.
മേഘത്തിനുള്ളിലെ വിളക്കുകള്‍
ചിലപ്പോള്‍ മേഘത്തിനുള്ളില്‍ വിളക്കുകള്‍ പ്രകാശിക്കുന്നതു പോലെ കൂട്ടുകാര്‍ കാണാറുണ്ടോ. ഇതിനു കാരണം മേഘങ്ങള്‍ക്കുള്ളിലെ നെഗറ്റീവ്, പോസിറ്റീവ് ചാര്‍ജ്ജുകള്‍ തമ്മിലുള്ള കൂട്ടിമുട്ടലാണ്. അന്തര്‍മേഘ മിന്നല്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
ഇടിമുഴക്കം
മിന്നലിന്റെ പ്രകടമായ പാര്‍ശ്വഫലമാണ് ഇടിമുഴക്കമെന്നു പറയാം. മിന്നലുണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതിയുടെ 90 ശതമാനത്തിന്റെ സാന്നിധ്യം വായുവിനെ ശക്തമായി ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഈ വികാസം വായുവില്‍ ശബ്ദം സഞ്ചരിക്കുന്ന വേഗത്തേക്കാള്‍ കൂടുതലായതിനാല്‍ ഒരു ഷോക്ക് വേവ് സൃഷ്ടിക്കുകയും പ്രഭവ കേന്ദ്രത്തില്‍നിന്നു 10 മീറ്റര്‍ ദൂരമെത്തുമ്പോഴേക്കും ഇടിമുഴക്കമായി മാറുകയും ചെയ്യും.
കാന്തം തരും മിന്നല്‍
ശക്തമായ വൈദ്യുതപ്രവാഹമാണ് മിന്നല്‍ എന്നു പറഞ്ഞല്ലോ. ഇങ്ങനെ പ്രവഹിക്കുന്ന മിന്നല്‍ ഭൂവല്‍ക്കത്തിലെ ചില പാറകളില്‍ പതിക്കുന്നത് കാന്തത്തിന്റെ രൂപീകരണത്തിനു കാരണമാകാറുണ്ട്. ആദ്യകാലത്ത് ഇത്തരം പാറകളെ ദിശ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നു. ലോഡ് സ്‌റ്റോണ്‍ എന്നാണ് ഈ പാറകളെ വിളിക്കുന്നത്.
നൈട്രജന്‍ വണ്ടി
അന്തരീക്ഷത്തിലെ നൈട്രജന്‍ ഭൂമിയിലെത്തുന്നതില്‍ ഇടിമിന്നല്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ഫലമായി രൂപപ്പെടുന്ന ഉന്നത വൈദ്യുത പ്രവാഹത്തില്‍ അന്തരീക്ഷത്തിലെ നൈട്രജന്‍ തന്മാത്രകള്‍ വിഭജിച്ച് നൈട്രജന്‍ ആറ്റമായിമാറുന്നു. ഇങ്ങനെ വിഭജിക്കപ്പെടുന്ന ആറ്റങ്ങള്‍ ഓക്‌സിജനുമായി ചേര്‍ന്ന് നൈട്രജന്‍ ഓക്‌സൈഡാകുകയും പിന്നീട് നൈട്രേറ്റുകളായി മഴയിലൂടെ ഭൂമിയിലെത്തുകയും ചെയ്യുന്നു.
ദൂരമറിയാം
മിന്നല്‍പിണര്‍ കണ്ട് ഏതാനും സെക്കന്റുകള്‍ക്കു ശേഷമായിരിക്കും നാം ഇടിമുഴക്കം കേള്‍ക്കുന്നത്. മിന്നലുണ്ടായി എത്ര സെക്കന്റിനു ശേഷമാണ് ഇടിമുഴക്കമുണ്ടാകുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ഇടിമിന്നല്‍ പ്രഭവ കേന്ദ്രം അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് മിന്നലുണ്ടായി 10 സെക്കന്റിനു ശേഷമാണ് ഇടിമുഴക്കമുണ്ടായതെങ്കില്‍ 5 കൊണ്ട് ആ സംഖ്യയെ ഹരിക്കണം. ഉത്തരം 2 ആണല്ലോ. എങ്കില്‍ 2 മൈല്‍ ദൂരത്തുനിന്നാണ് ഇടിമിന്നലുണ്ടായിട്ടുള്ളത്.
മിന്നലുകള്‍ പലവിധം
പലവിധത്തിലുള്ള മിന്നലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ മുഖ്യമായത് മൂന്നു വിധത്തിലുള്ള മിന്നലുകളാണ്. മേഘത്തിനുള്ളിലുണ്ടാകുന്നവ, രണ്ട് മേഘങ്ങള്‍ക്കിടയിലുണ്ടാകുന്നവ, മേഘത്തിനും ഭൂമിക്കുമിടയിലുണ്ടാകുന്നവ. ഇവയില്‍ ആദ്യത്തെ രണ്ട് മിന്നലുകള്‍ വിമാനങ്ങള്‍ പോലെയുള്ള ആകാശവാഹനങ്ങള്‍ക്കും മൂന്നാമത്തെ മിന്നല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്കും നാശം വിതയ്ക്കുന്നു.
വിസിലറുകള്‍
ഒരു കിലോ ഹെര്‍ട്‌സ് മുതല്‍ 30 കിലോ ഹെര്‍ട്‌സ് വരെ ആവൃത്തിയില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങളാണ് വിസിലറുകള്‍. വിസിലറുകള്‍ക്കു കാരണമാകുന്നത് മിന്നലുകളാണ്. വിസിലറുകള്‍ മിന്നലുകളെക്കുറിച്ചും അന്തരീക്ഷ പ്രതിഭാസങ്ങളെകുറിച്ചും പഠിക്കാന്‍ ഗവേഷകരെ സഹായിക്കുന്നു.
8 മിന്നലുകള്‍
ഭൗമാന്തരീക്ഷത്തില്‍ ശരാശരി എട്ടു മിന്നലുകളാണ് ഓരോ സെക്കന്റിലും ഉണ്ടാകുന്നത്. മിന്നല്‍പിണരിന്റെ സ്രോതസില്‍നിന്ന് ഏതാണ്ട് പത്തു കി.മി.ചുറ്റളവിലാണ് ആഘാതം ഏറ്റവും തീവ്രമായിരിക്കുക. കേരളത്തില്‍ പ്രതിവര്‍ഷം മിന്നലേറ്റു മരണമടയുന്നത് ഏകദേശം എഴുപതു പേരാണ്. ലോകത്ത് ഇത് 24000 ആണ്. മിന്നലേറ്റയുടന്‍ ചികിത്സ ലഭിക്കാത്തതും മിന്നലിനെതിരെ ബോധവല്‍ക്കരണം നടത്താത്തതും മരണ സംഖ്യയുയര്‍ത്തുന്നു.
മിന്നല്‍ പ്രതിരോധിക്കാം
ി ഇടിമിന്നല്‍ ശക്തമാകുന്നതു കണ്ടാല്‍ ഗാര്‍ഹിക വൈദ്യുതി വിച്ഛേദിക്കുക. വൈദ്യുത ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക.
ി ലോഹ വസ്തുക്കള്‍
സ്പര്‍ശിക്കാതിരിക്കുക
ി വൃക്ഷങ്ങളുടെ ചുവട്ടിലോ മുകളിലോ
നില്‍ക്കാതിരിക്കുക
ി ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കാന്‍
ശ്രദ്ധിക്കുക
ി ശക്തമായ മിന്നലുള്ള സമയത്ത് ജനല്‍,വാതില്‍ എന്നിവ അടച്ചിടാനും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
പ്രഥമ ശുശ്രൂഷ നല്‍കാം
ഇടിമിന്നലില്‍ പരുക്കേറ്റയാളിനു പ്രഥമ ശുശ്രൂഷ നല്‍കുന്നത് അപകട സാധ്യത കുറയ്ക്കും. പലപ്പോഴും മിന്നലേറ്റ ആളുടെ ഹൃദയത്തിനാണ് തകരാറു സംഭവിക്കുക. അങ്ങനെ സംഭവിച്ചുവെന്ന് ഉറപ്പുള്ള പക്ഷം എത്രയും പെട്ടെന്ന് രോഗിക്ക് സി.പി.ആര്‍ നല്‍കാന്‍ ശ്രദ്ധിക്കണം. കാര്‍ഡിയോ പള്‍മണറി റിസസ്റ്റിറ്റേഷന്‍ എന്നാണ് സി.പി.ആറിന്റെ പൂര്‍ണരൂപം.
രക്തയോട്ടം നിലച്ചുപോയതോ താളം തെറ്റിയ ഹൃദയമിടിപ്പുള്ളതോ ആയ ഒരു രോഗിയുടെ ഹൃദയത്തിലേയും തലച്ചോറിലേയും കോശങ്ങള്‍ക്ക് കൃത്യമായ ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ സംഭവിക്കുന്ന ആഘാതങ്ങളില്‍നിന്നു സംരക്ഷണം നല്‍കുക എന്നതാണ് സി.പി.ആര്‍ കൊണ്ടുള്ള ലക്ഷ്യം. പരിശീലനം ലഭിച്ചവര്‍ സി.പി.ആര്‍ നല്‍കുന്നതാണ് ഉചിതമെങ്കിലും അവരുടെ അഭാവത്തില്‍ മറ്റുള്ളവര്‍ക്ക് നല്‍കാവുന്നതാണ്.
മലര്‍ത്തി കിടത്തിയ രോഗിയുടെ നെഞ്ച് ഏകദേശം 5 സെന്റിമീറ്റര്‍ താഴേക്ക് അമര്‍ത്തിക്കൊണ്ടിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏകദേശം മിനുട്ടില്‍ നൂറ് തവണ. അതിനു ശേഷം ഹൃദയമിടിപ്പ് പരിശോധിക്കണം. ഹൃദയമിടിപ്പ് ആരംഭിച്ചുകഴിഞ്ഞാല്‍ രോഗിക്ക് കൃത്രിമശ്വാസം കൊടുക്കാം. രോഗിയുടെ വായയിലേക്ക് കര്‍ച്ചീഫിന്റെ മറയിലൂടെ ശക്തമായി ഊതുകയാണ് ആദ്യം വേണ്ടത്. തല പിന്നോട്ടുചരിച്ച് കിടത്തുന്നത് വായുസഞ്ചാര മാര്‍ഗം തുറക്കാന്‍ സഹായകരമാകും. പെരുവിരലും ചൂണ്ടുവിരലും കൊണ്ട് മൂക്കിന്റെ മൃദുലഭാഗത്ത് അമര്‍ത്തുകയും വായിലേക്ക് ശക്തമായി ഊതുകയും ചെയ്യുക. ഇത് രോഗിയുടെ നെഞ്ചിന്‍ കൂട് ഉയരുന്നതു വരെ തുടരാം. ശേഷം മൂക്കില്‍നിന്ന് കൈയെടുത്ത് രോഗിയുടെ ശ്വാസഗതി പരിശോധിക്കാം.
മിനുട്ടില്‍ നൂറു തവണ എന്ന വേഗത്തില്‍ മുപ്പതു തവണ അതിവേഗത്തില്‍ നെഞ്ചില്‍ അമര്‍ത്തുകയും രണ്ടു തവണ കൃത്രിമശ്വാസം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഉചിതം. ഇത് സാധാരണ രീതിയില്‍ ശ്വാസോച്ഛാസം നടത്തുന്നതു വരെ തുടരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."