തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മരുന്നുക്ഷാമം: രോഗികളുടെ ആധിക്യം; മതിയായ ചികിത്സയുമില്ല
തിരൂര്‍: തീരദേശമേഖയിലെ അടക്കം സാധാരണക്കാരായ ജനവിഭാഗങ്ങള്‍ ആശ്രയിക്കുന്ന തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മരുന്നുക്ഷാമം. ഒട്ടുമിക്ക ഡോക്ടര്‍മാരും നിര്‍ദേശിക്കുന്ന മരുന്നുകളും ആശുപത്രി പരിസരത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് വില കൊടുത്ത് വാങ്ങിയാണ് രോഗികള്‍ ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ വളരെ കുറച്ച് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് രോഗികള്‍ പറയുന്നത്. മറ്റ് ചികിത്സാ ഉപകരണങ്ങളും പുറമെ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചെറുതും വലുതുമായ രോഗങ്ങളുമായി ദിനംപ്രതി നിരവധി രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. അതിനാല്‍ ഒട്ടുമിക്ക ദിവസങ്ങളിലും ആശുപത്രിയില്‍ രോഗികളുടെ നല്ല തിരക്കാണ്.
ഏറെ നേരം കാത്തുനിന്ന് ഡോക്ടര്‍മാരുടെ മുന്നിലെത്തിയാല്‍ രോഗികളുടെ ആധിക്യം കാരണം ശരിയായ വിധത്തില്‍ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ക്ക് സമയം കിട്ടാറില്ല. ഇതിന് പുറമെയാണ് മരുന്ന് ലഭ്യതക്കുറവും. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കാറാണ് പതിവ്. എന്നാല്‍ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും മെഡിക്കല്‍ ഷോപ്പുകളും ചേര്‍ന്ന ലോബി ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."