നിതാഖാത്: സ്വദേശിവല്‍ക്കരണ പരിധി വീണ്ടും ഉയര്‍ത്തി
റിയാദ്: സഊദിവല്‍ക്കരണം ശക്തമാക്കുന്നതിനായി പ്രഖ്യാപിച്ച നിതാഖാത് പദ്ധതിയില്‍ ചിലയിടങ്ങളില്‍ സ്വദേശി അനുപാത നിരക്കില്‍ വീണ്ടും വര്‍ധനവ് വരുത്തി. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പരിഷ്കരണം ചെറുകിട സ്ഥാപനങ്ങളെയാണ് കാര്യമായി ബാധിക്കുക.
ഇടത്തരം പച്ച വിഭാഗത്തിലാകാന് നഴ്സറി സ്കൂളുകള്‍ നടപ്പാക്കേണ്ട സഊദിവല്‍ക്കരണം 46 ശതമാനത്തില്‍നിന്ന് 85 ശതമാനമായാണ് ഉയര്‍ത്തിയത്. നിര്‍മാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍ ഈ വിഭാഗത്തിലാകാന് 16 ശതമാനം സ്വദേശികളെ നിയമിക്കണം. നേരത്തെ ഇത് 10 ശതമാനമായിരുന്നു. ജ്വല്ലറി മേഖലയില്‍ നേരത്തെയുള്ള 28 ശതമാനത്തില്‍നിന്ന് 33 ആയാണ് ഉയര്‍ത്തിയത്.
പച്ചയില്‍ ഉള്പെടുന്നതിന് ഫാര്‍മസികള്‍ക്ക് 11ല്‍നിന്ന് 19ഉം ബസ് കമ്പനികള്‍ക്ക് 10ല്‍ നിന്ന് 15ഉം വ്യോമഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 33ല്‍നിന്ന് 38ഉം ടെലികോം കമ്പനികള്‍ക്ക് 33ല്‍നിന്ന് 45ഉം ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നല്കുന്ന തഅ്ഖീബ് ഓഫിസുകളില്‍ 50ല്‍നിന്ന് 69ഉം ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ 19ല്‍നിന്ന് 28ഉം ശതമാനമായാണ് വര്‍ധനവ്. ഏറ്റവും ഉയര്‍ന്ന നിലയായ പ്ലാറ്റിനം വിഭാഗത്തില്പെടുന്നതിന് 100 ശതമാനം സഊദിവല്ക്കരണമാണ് നടപ്പാക്കേണ്ടത്.
ഇതിനുപുറമെ, പുതിയ 15 മേഖലകള്‍കൂടി നിതാഖാത് നിയമപരിധിയില്‍ ഉള്‍പ്പെടുത്തി. ആഭരണ നിര്‍മാണം, ഹജ്ജ്-ഉംറ സര്‍വിസ്, ഡയറി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷെകള്‍, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, ലേഡീസ് ഉല്പന്നങ്ങള്, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഹെല്‍ത്ത് കോളജുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ലേഡീസ് ടൈലറിങ് കേന്ദ്രങ്ങള്‍, ക്ലീനിങ്-കാറ്ററിങ് കരാറുകള്‍, സര്‍വകലാശാലാ കോളജുകള്‍, മൊബൈല്‍ ഫോണ്‍ വില്പന-അറ്റകുറ്റപ്പണി, കെമിക്കല്ധാതു വ്യവസായം, ഭക്ഷ്യവസ്തുപ്ലാസ്റ്റിക് നിര്‍മാണം എന്നീ മേഖലകളാണു പുതുതായി നിയമത്തിനകത്ത് ഉള്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."