പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ച മൗലിദ് സദസുകള്‍
വിശ്വാസികള്‍ക്ക് ആത്മീയോന്‍മേഷമാണ് മൗലിദ് സദസുകള്‍. പ്രവാചകരുടെയും ചരിത്രത്തിലെ പുണ്യാത്മാക്കളുടെയും അപദാനങ്ങളാണ് മൗലിദിലെ വരികള്‍. പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും വട്ടമിട്ടിരുന്ന് ഇവ പാരായണം ചെയ്തുവരുന്നു. ശേഷം ഖുര്‍ആനോതി പ്രാര്‍ഥന നടത്തുന്നതാണ് മൗലിദ് സദസുകളുടെ രീതി.
കേരളത്തില്‍ രചിക്കപ്പെട്ട മൗലിദുകളില്‍ പ്രസിദ്ധമാണ് മന്‍ഖൂസ് മൗലിദ്. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ് ഇതു രചിച്ചത്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്ക കാലമായിരുന്നു. പൊന്നാനിയിലും പരിസരത്തും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിച്ച സമയം. പ്ലേഗ് ബാധിതരായി ദിനംതോറും നിരവധി പേര്‍ മരണപ്പെട്ടു.
ഭീതി പടര്‍ന്ന ആ സന്ദര്‍ഭത്തില്‍ ആത്മീയ നിര്‍ദേശം തേടി വിശ്വാസികള്‍ മഖ്ദൂമിനെ സമീപിച്ചു. ഇതിനെ തുടര്‍ന്നാണ് മഖ്ദൂം മന്‍ഖൂസ് എന്ന പേരില്‍ മൗലിദ് രചിക്കുന്നത്. പ്രകര്‍ച്ചവ്യാധികളില്‍നിന്നുള്ള മോചനത്തിനായി പ്രത്യേകം പ്രാര്‍ഥനയും ഈ മൗലിദിന്റെ ഭാഗമാണ്. സാംക്രമിക രോഗങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നുമുള്ള രക്ഷയ്ക്കായി മൗലിദ് സദസുകള്‍ നടത്തിവരുന്ന പതിവുണ്ട്.
മൗലിദ്, ഹദ്ദാദ് റാത്തീബ്, ഖുത്വുബിയ്യത്ത് തുടങ്ങിയവ ഇത്തരത്തില്‍ തുടര്‍ന്നുവരുന്ന ആത്മീയ സദസുകളാണ്. ഇത്തരം ഒരു ചരിത്രമാണ് താനൂരിലെ നാട്ടുമൗലിദിന്റേത്. ഇതിന് അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. താനൂര്‍ പ്രദേശത്തു ഭീതി പരത്തി നാടാകെ തീ പടര്‍ന്ന ഘട്ടത്തിലാണ് പ്രതിരോധമായി നാട്ടുമൗലിദ് തുടങ്ങിയത്. താനൂരിലെ മുസ്‌ലിം ഭവനങ്ങളില്‍ നാട്ടുമൗലീദ് അന്നുമുതല്‍ തുടര്‍ന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."