വിദേശമദ്യശാല ആരംഭിക്കാനെന്ന അറിവിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍
കൊടുങ്ങല്ലൂര്‍: നഗരസഭയിലെ ഉഴുവത്ത് കടവില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രഹസ്യ നിര്‍മാണ പ്രവര്‍ത്തനം. വിദേശമദ്യശാല ആരംഭിക്കാനെന്ന അറിവിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ ഉഴവത്ത് കടവ് ജുമാ മസ്ജിദിന് സമീപമുള്ള ആഡംബര വീടാണ് മദ്യവില്‍പന കേന്ദ്രമാക്കി മാറ്റുവാനുള്ള രഹസ്യ നീക്കം നടത്തിയത്. പ്രധാന റോഡിന് അഭിമുഖമായി ഉണ്ടായിരുന്ന പ്രവേശന കവാടം അടച്ചു കെട്ടുകയും റോഡില്‍ നിന്നും ദൂരെ മാറി ഗെയിറ്റ് സ്ഥാപിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടായത്. സംഭവമറിഞ്ഞ ഉടനെ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. വീട്ടുടമയുമായി നഗരസഭാ ചെയര്‍മാന്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. ഉഴുവത്ത് കടവ് ജുമാ മസ്ജിദില്‍ നിന്നുമുള്ള ദൂരപരിധി കൂട്ടുന്നതിനുവേണ്ടിയാണ് ഗെയിറ്റ് മാറ്റി സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് കൊടുങ്ങല്ലൂര്‍ എസ്.ഐ ഇ.ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി.
നാട്ടുകാരെ കബളിപ്പിച്ച് മദ്യ വില്‍പനശാല ആരംഭിക്കാനുള്ള ശ്രമത്തെ തടയുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന്, കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന വിദേശമദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ മദ്യവില്‍പനശാല തുറക്കാന്‍ നടത്തിയനീക്കം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."