ബാര്‍ കോഴ: മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി നല്‍കുമെന്ന് യൂത്ത് ഫ്രണ്ട്
കോട്ടയം: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയരായ മൂന്ന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ സോണിയാഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നല്കുമെന്നു യൂത്ത് ഫ്രണ്ട്(എം). യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കുന്നത്. പരാതിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍കോഴക്കേസില്‍ അടൂര്‍ പ്രകാശും ബിജു രമേശും തമ്മിലുള്ള ഗൂഢാലോചന അന്വേഷിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉണ്ടായിട്ടും കെ.എം.മാണിക്കെതിരേ മാത്രം കേസ് രജിസ്റ്റര്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ബാര്‍കോഴ കേസ് സംബന്ധിച്ചു കേരള കോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അടുത്ത സ്റ്റിയറിങ് കമ്മിറ്റിയില്‍ വയ്ക്കും. അന്വേഷണത്തില്‍ ഗൂഢാലോചനയില്‍ ചെന്നിത്തലയുടെ പങ്ക് തെളിഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് അദ്ദേഹം മാറിനില്‍ക്കണം. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണു ചിലര്‍ നടത്തിയത്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാനുള്ള മത്സരമാണു കോണ്‍ഗ്രസിനുള്ളില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."