കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതല്‍
തൊടുപുഴ: ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനുള്ള സാധ്യത കൂടിവരുന്നതായി അധികൃതര്‍. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണു രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായും ജില്ലയില്‍ പലയിടത്തും ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും പടരാന്‍ ഇടയാക്കുന്ന കൂത്താടിയുടെ സാന്നിധ്യം അപകടകരമായ അളവില്‍ വര്‍ധിച്ചിരിക്കുകയാണെന്നും കണ്ടെത്തിയത്. ജില്ലയില്‍ കൊതുകുജന്യരോഗങ്ങളില്‍ ഡെങ്കിപ്പനിയാണു നിലവില്‍ ഭീഷണിയുയര്‍ത്തുന്നത്.
ഓരോ മാസവും കൊതുകുകള്‍ വളരുന്നതിലെ സാന്ദ്രത എത്രയെന്നു പരിശോധിച്ചാണു പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നത്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂത്താടികളെ കണ്ടെത്തിയ ഉറവിടങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബ്രിട്ടോ സാന്ദ്രത കണക്കാക്കും. ഇതു പത്തില്‍ താഴെയാണെങ്കില്‍ അപകടകരമല്ല. എന്നാല്‍ 25ല്‍ കൂടുതലായാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. 50നു മുകളിലെത്തിയാല്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനു കാരണമാകും. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉയര്‍ന്ന ബ്രിട്ടോ സാന്ദ്രത നിലനില്‍ക്കുന്നതായാണു വിലയിരുത്തല്‍.ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം ഹൈറേഞ്ചില്‍ കട്ടപ്പന ആനകുത്തിയിലാണ് ഏറ്റവും കൂടിയ സാന്ദ്രതയുള്ളതായി കണ്ടെത്തിയത്. ഇവിടെ ബ്രിട്ടോ സാന്ദ്രത 56 ആയിരുന്നു. വാഴത്തോപ്പില്‍ 52, മരിയാപുരത്തു 44 എന്നിങ്ങനെയാണു കണക്കുകള്‍. തൊടുപുഴ നഗരസഭാ പരിധിക്കുള്ളില്‍ ആനക്കൂട് ഭാഗത്തു കഴിഞ്ഞമാസം കാണപ്പെട്ട ബ്രിട്ടോ സാന്ദ്രത 57 ആയിരുന്നു. പട്ടാണിക്കുന്നു ഭാഗത്തു 40, മണക്കാട് 40, കരിങ്കുന്നം 56 എന്ന പ്രകാരമാണു ബ്രിട്ടോ സാന്ദ്രത കണ്ടെത്തിയിട്ടുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൂത്താടി ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും കൂത്താടി വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കിയതായും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."