മദാമ്മക്കുളം ഭൂമി കൈയ്യേറ്റം: വനിത ഹെഡ് സര്‍വേയര്‍ക്ക് സസ്‌പെന്‍ഷന്‍
പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ മദാമ്മക്കുളത്ത് സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയ സംഭവത്തില്‍ പൊലിസ് പ്രതി ചേര്‍ത്ത വനിത ഹെഡ് സര്‍വേയറെ സസ്‌പെന്‍ഡ് ചെയ്തു.
പീരുമേട് താലൂക്ക് സര്‍വേ സൂപ്രണ്ട് ഓഫിസിലെ ചെറുപുഷ്പം തോമസിനെയാണ് ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വേ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹെഡ് സര്‍വേയര്‍ക്കെതിരെ കേസെടുത്ത വിവരം ചൂണ്ടിക്കാട്ടി പൊലിസ് റവന്യൂ വകുപ്പിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇവിടെ മുള്ളുവേലികള്‍ നിര്‍മിച്ച കോട്ടയത്തെ സ്വകാര്യ ഏജന്‍സി തങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളില്‍ കാണപ്പെട്ട നമ്പരുകളുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ഹെഡ് സര്‍വേയര്‍ക്ക് പുറമെ ആലപ്പുഴ സ്വദേശി റെജി ചെറിയാനെതിരെയും പീരുമേട് പൊലിസ് കേസെടുത്തിരിന്നു. സര്‍ക്കാര്‍ ഭൂമി അതിക്രമിച്ചു കൈയ്യേറി കൈയ്യടക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്ന കേസ്.
കൈയ്യേറ്റം വിവാദമായതിനെ തുടര്‍ന്നു കഴിഞ്ഞ ഒരു മാസത്തോളമായി ചെറുപുഷ്പം തോമസ് അവധിയിലാണ്. കൈയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി നേരത്തെ മുതല്‍ ആരോപണം ഉണ്ടായിരുന്നു. മദാമ്മക്കുളത്തെ 50 ഏക്കറോളം സര്‍ക്കാര്‍ ഭൂമിയാണ് ഭൂമാഫിയ കൈവശം വെച്ച് മുള്ളുവേലികള്‍ സ്ഥാപിച്ചത്. പീരുമേട് പഞ്ചായത്ത് മാലിന്യം നിര്‍മ്മാര്‍ജനത്തിനായി കണ്ടെത്തിയ മൂന്നു ഏക്കറോളം ഭൂമിയും ഭൂരഹിതരായ നൂറോളം പേര്‍ക്ക് ഭൂമി നല്‍കുന്നതിനു വേണ്ടി കണ്ടെത്തിയ സ്ഥലവും ഭൂമാഫിയ കൈയ്യേറിയതില്‍ ഉള്‍പ്പെടും.
വിജനമായ പ്രദേശത്ത് വിപുലമായ സന്നാഹങ്ങളോടെ ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി മുള്ളുവേലികള്‍ സ്ഥാപിച്ച് ഭൂമി വേര്‍തിരിച്ചു കെട്ടിയെടുത്തു കയ്യേറ്റം നടത്തിയിരിക്കുന്നതായാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. കൈയ്യേറിയ ഭൂമി കഴിഞ്ഞ ഏപ്രില്‍ ആദ്യവാരാമാണ് കണ്ടെത്തിയതെന്നാണ് റവന്യു അധികൃതര്‍ നല്‍കുന്ന വിശദീകരണം. കൈയ്യേറിയ ഭൂമിക്ക് പട്ടയം സമ്പാദിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സഹായത്തോടെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായും, ആരോപണമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് സര്‍വ്വേ സൂപ്രണ്ടിനെതിരെ പൊലിസ് കേസെടുത്തതും ഇവരെ സസ്‌പെന്‍ഡ് ചെയ്തതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."