നിപാ: വൈറസ് പടരുന്നത് തടയാന്‍ സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘം
തിരുവനന്തപുരം: നിപാ വൈറസ് പടരുന്നത് കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ തലവനായി സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും സാംക്രമിക രോഗ വിദഗ്ധരും കൂടാതെ മറ്റു പ്രധാനപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളും ഇതില്‍ അംഗങ്ങള്‍ ആണ്.
നിലവില്‍ ആരോഗ്യ വകുപ്പിനും മൃഗ സംരക്ഷണ വകുപ്പിനും സ്വന്തമായി സാംക്രമിക രോഗ നിവാരണ ആസൂത്രണ രേഖ നിലവിലുണ്ട്. രണ്ട് വകുപ്പുകള്‍ക്കും പക്ഷിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ സാംക്രമിക രോഗ നിയന്ത്രണത്തിലുള്ള മുന്‍കാല പരിചയമുണ്ട്. സംസ്ഥാന തലത്തില്‍ ഇവയെ സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പര്‍ '1056 ' പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നും, നിപാ വൈറസ് സമീപ ജില്ലകളിലേക്ക് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എയിംസ്, മണിപ്പാല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,ഐ.എം.എ, പൊതു- സ്വകാര്യ മേഖലാ ആശുപത്രികള്‍ എന്നിവയുടെ കൂട്ടായ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അതാതു ദിവസത്തെ സ്ഥിതി വിലയിരുത്തുകയും സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ആരോഗ്യ വകുപ്പിന് സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നുണ്ട്. നിപാ വൈറസ് പരിശോധിക്കുന്നതിനായി പന്നികളില്‍ നിന്ന് സാംപിള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം
നിപാ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നു. രോഗം കൂടുതല്‍ പേരില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ലാസ് ഫോര്‍ വിഭാഗത്തില്‍ പെടുന്നതാണ് നിപാ വൈറസ്. മറ്റ് വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി രോഗിയുടെ നില ഗുരുതരമാകുമ്പോഴാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. അത് മനസിലാക്കി ആവശ്യമായ പരിചരണം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കും മുഴുവന്‍ ആശുപത്രി ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനാണ് തീരുമാനം.
മൂന്ന് ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. രോഗിയെ ആംബുലന്‍സില്‍ കയറ്റുന്നത് മുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിശീലനത്തിലുണ്ടാകുക. വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ അനുസരിച്ചാണ് കാഷ്വാലിറ്റി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടാണ് നിപ വൈറസ് ബാധ കൂടുതലെങ്കിലും എല്ലാ ആശുപത്രികളിലും ഐസോലഷന്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."