എന്റെ മകനെ കൊന്നിട്ട് അവരെന്തു നേടി...?
മടിക്കേരി: എന്റെ മകനെ കൊന്നിട്ട് അവരെന്താണ് നേടിയത്. ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാതെ ബാക്കിയാവുകയാണ് കാസര്‍കോട് പഴയചൂരിയില്‍ കൊല്ലപ്പെട്ട മദ്‌റസാ അധ്യാപകന്‍ റിയാസിന്റെ പിതാവ് സുലൈമാന്റെ പൊള്ളുന്ന ചോദ്യം.
ഒന്നര വയസുള്ള മോളെ തനിച്ചാക്കി എന്റെ മകന്‍ പോയി. അവര്‍ എന്റെ മകനെ കൊന്നു. ഇപ്പോഴും നടന്നതു വിശ്വസിക്കാനാവാത്തതു പോലെ സുലൈമാന്‍ നിറകണ്ണുകളോടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
വര്‍ഷങ്ങളായി കാസര്‍കോട് ചൂരിയില്‍ ജോലി ചെയ്തുവരുന്ന റിയാസ് നാട്ടിലും ജോലി സ്ഥലത്തും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. സൗമ്യമായ പെരുമാറ്റമായിരുന്നു റിയാസിന്റെ മുഖമുദ്ര.
നാട്ടിലായാലും, പള്ളിയില്‍ പോയാലും അധിക സമയവും ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലും മാത്രമാണ് ചെലവഴിച്ചിരുന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ വെളിച്ചമായിരുന്ന അവനെ കൊന്നത് എന്തിനാണെന്ന് ഇപ്പോഴും മനസിലാവുന്നില്ല - മൂത്ത സഹോദരന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു.
ജോലി ചെയ്തു സമ്പാദിച്ച പണം കൊണ്ട് അവന്‍ 25ാമത്തെ വയസില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോയി. ചെറുപ്പത്തില്‍ തന്നെ മൂന്ന് ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവന്‍ ജീവിച്ചത്. ഭാര്യയ്ക്കും കുട്ടിക്കും താമസിക്കാന്‍ ഒരു വീട്‌വയ്ക്കണം. അതിന് സ്ഥലം കണ്ടെത്തണമെന്നല്ലാം ആലോചിക്കുന്നതിനിടെയാണ് അവര്‍ അവനെ ഇല്ലാതാക്കിയതെന്നു റിയാസിന്റെ ഉറ്റബന്ധുക്കള്‍ വേദനയോടെ പറഞ്ഞു. വേദനയാല്‍ നീറുന്ന റിയാസിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി സമസ്ത നേതാക്കളായ വൈ.എം. ഉമര്‍ ഫൈസി, പി.എം ആരിഫ് ഫൈസി, ഫൈസല്‍ ഫൈസി, കെ.യു സുലൈമാന്‍, സുബൈര്‍ കടങ്ക, അബ്ദുറഹ്മാന്‍ എന്നിവരും വീട്ടിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."