മത്സ്യത്തൊഴിലാളി പുനരധിവാസം: തീരദേശ ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മുട്ടത്തറയില്‍ നിര്‍മിക്കുന്ന ഫ്‌ളാറ്റുകളി1േലക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ അര്‍ഹരായവരെ ഒഴിവാക്കിയതിനെതിരേ ബീമാപള്ളി തീരദേശ ആക്ഷന്‍ കൗണ്‍സില്‍ ആക്ഷന്‍ കമ്മറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച ഗുണഭോക്തൃപട്ടികയില്‍ മാറ്റം വരുത്തിയാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. മുന്‍ പട്ടികയിലുണ്ടായിരുന്ന അര്‍ഹരായ പലരും ഈ പട്ടികയില്‍നിന്ന് തഴയപ്പെട്ടു. ബീമാപള്ളി മേഖലയില്‍നിന്നുള്ളവരെ ഒഴിവക്കിക്കൊണ്ടുള്ള പട്ടികയാണിത്.
വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നിങ്ങനെ മത്സ്യഗ്രാമങ്ങളെ തിരിച്ച് അതിര്‍ത്തി നിശ്ചയിച്ചത് സര്‍ക്കാരാണ്. ഇതിലൂടെ കരുതിക്കൂട്ടിയുള്ള ഒഴിവാക്കലാണ് നടന്നിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരെ അംഗീകരിച്ച് അവര്‍ക്ക് ഫ്‌ളാറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസിന് മുന്നില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പിനും കലക്ടര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍, നഗരസഭാ മേയര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബീമാപള്ളി തീരദേശ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബീമാപള്ളി റഷീദ്, കണ്‍വീനര്‍ ടി. ബഷീര്‍, എസ്.എം ഇക്ബാല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."