കുട്ടനാടിന്റെ കലാവസന്തം മാഞ്ഞു; ഇനി ദീപ്ത ഓര്‍മ്മ കാവാലത്തിന് വിടനല്‍കാനെത്തിയത് ആയിരകണക്കിന് കലാപ്രേമികള്‍
ആലപ്പുഴ: കാവാലമെന്ന മൂന്നക്ഷരത്തെ വിശ്വത്തോളം ഉയര്‍ത്തിയ അക്ഷരങ്ങളുടെ തമ്പുരാന് മിഴിനീരോടെ യാത്രാമൊഴി. മലയാളികളെ ത്രസിപ്പിച്ച നാടകാചാര്യന് കാവാലത്തിന്റെ മണ്ണില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. കുട്ടനാടിന്റെ നിഷ്‌കളങ്ക ഗ്രാമീണതയും തനിമയും അക്ഷരങ്ങളില്‍ വരച്ചിട്ട കാവാലം നാരായണ പണിക്കര്‍ക്ക് വിട നല്‍കാന്‍ സാധാരണക്കാരുടെയും പ്രമുഖരുടെയും നീണ്ട നിരയായിരുന്നു.
കാവാലത്തിനപ്പുറത്തേക്ക് ലോകത്തോളം വളര്‍ന്ന തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരന് കുട്ടനാട്ടുകാര്‍ ഹൃദയംഗമായ വിടയാണ് നല്‍കിയത്. കണ്ണീര്‍ തൂകിയ ആയിരങ്ങള്‍ അദ്ദേഹത്തിന്റെ ജനകീയതയുടെ നേര്‍ സാക്ഷ്യമായി. മലയാളത്തിന്റെ നാടകാചാര്യന്‍ ഇനി ഹൃദയങ്ങളില്‍ ജീവിക്കും. ശ്രീഹരിയെന്ന വീട്ടുവളപ്പില്‍ ഇനി സ്മൃതികള്‍ കഥ പറയും. കാവാലത്തെ അദ്ദേഹത്തിന്റെ കുടുംബവീടായ ചാലയില്‍ തറവാട്ടില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെ ഭൗതിക ശരീരമെത്തിച്ചത് മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. പുലര്‍ച്ച തന്നെ നാടിന്റെ വിവിഭാഗങ്ങളില്‍ നിന്ന് വന്‍ജനാവലി അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ ചാലയില്‍ തറവാട്ടിലേക്ക് ഒഴുകുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം വീടായ ശ്രീഹരിയിലേക്ക് ഭൗതീകശരീരം വിലാപയാത്രയായി എത്തിച്ചു. ചലചിത്ര നാടക രംഗത്തെയുംരാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ക്കൊപ്പം നാട്ടുകാരും വിലാപയാത്രയില്‍ അണിചേര്‍ന്നു. സിനിമാതാരം നെടുമുടി വേണുവിന്റെ നേതൃത്വത്തില്‍ ശിഷ്യര്‍ ദക്ഷിണയായി കാവാലത്തിന്റെ കവിതകളും ഉള്‍പ്പെടുത്തിയ ഗാനാഞ്ജലി ആചാര്യന് സമര്‍പ്പിച്ചത് വികാരഭരിതമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, സുരേഷ് ഗോപി, സംവിധായകന്‍ ഫാസില്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ പ്രമുഖരും മലയാളത്തിന്റെ പ്രിയപ്പെട്ട നാടകചാര്യന് ബാഷ്പാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."