പട്ടാമ്പി ടൗണിലെ മാലിന്യം; നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍
പട്ടാമ്പി: മഴക്കാലത്തിനുമുമ്പ് പട്ടാമ്പിനഗരത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി. പലേടത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യം മഴക്കാലമായാല്‍ ചീഞ്ഞളിഞ്ഞ് സ്ഥിതി കൂടുതല്‍ ഗുരുതരമാവുന്നതിന് ഇടയാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. മഴപെയ്താല്‍ മാലിന്യം അഴുക്കുചാല്‍ വഴി തൊട്ടടുത്ത ഭാരതപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഓടകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിനജലം നീക്കി ശുചീകരിക്കാനും നടപടിവേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ദിവസങ്ങളായി ഒറ്റപ്പെട്ട് പെയ്യുന്ന വേനല്‍മഴയില്‍ മാലിന്യം ചീഞ്ഞളിയാനും തുടങ്ങിയിട്ടുണ്ട്.
മാലിന്യം നീക്കംചെയ്യുക, അഴുക്കുചാലുകള്‍ വൃത്തിയാക്കുക, ഭാരതപ്പുഴയുടെ തീരങ്ങള്‍ മാലിന്യമുക്തമാക്കുക തുടങ്ങിയ പ്രവൃത്തികള്‍ മഴയ്ക്കുമുമ്പ് നടത്തേണ്ടതുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ വളപ്പ്, നിളാതീരം എന്നിവ മാലിന്യംതള്ളല്‍ കേന്ദ്രമാണ്.
നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡ് ഇപ്പോള്‍ മാലിന്യംതള്ളുന്ന പ്രധാന കേന്ദ്രമായി മാറി്. തൊട്ടടുത്ത റെയില്‍വേസ്റ്റേഷന്‍ വളപ്പും മലിനമയമാണ്. കവറുകളിലാക്കി മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയും വര്‍ധിച്ചിട്ടുണ്ട്. പട്ടാമ്പിമേഖലയില്‍ ഡെങ്കിപ്പനിയടക്കം മുന്‍വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. പട്ടാമ്പി മിനിസിവില്‍സ്റ്റേഷനിലെ അഴുക്കുചാലുകളടക്കം നഗരത്തില്‍ പലേടത്തും ഓടകള്‍ തുറന്നാണ് കിടക്കുന്നത്.
സിവില്‍സ്റ്റേഷന്‍ വളപ്പിലെ മണല്‍കടത്ത് വാഹനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും പതിവുകാഴ്ചയാണ്. കൊതുകുകളുടെ ഉറവിടകേന്ദ്രമായും കടത്തുവാഹനങ്ങള്‍ മാറുന്നുണ്ട്. അതെ സമയം ജാഗ്രതോത്സവം ഉടന്‍ നടത്തുമെന്നും മഴക്കാലപൂര്‍വ ശുചീകരണ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യജാഗ്രത ലക്ഷ്യമിട്ടുള്ള ജാഗ്രതോത്സവം നഗരസഭയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. വാര്‍ഡുതല ശുചീകരണത്തിനായി ഹരിതസേനാംഗങ്ങള്‍ക്കുള്ള പരിശീലനം അടുത്തദിവസംതന്നെ തുടങ്ങും. വിവിധയിനം മാലിന്യം ശേഖരിക്കാനും കയറ്റിയയയ്ക്കാനും ശുചിത്വമിഷന്റെ നിര്‍ദേശമുണ്ടെന്നും വകുപ്പധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."