നിപാ വൈറസ്: ജില്ലയിലും ജാഗ്രതാ നിര്‍ദേശം
കണ്ണൂര്‍: കോഴിക്കോട് നിപാ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആവശ്യമായ മുന്നൊരുക്കങ്ങളെടുക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയതായി യോഗം വിലയിരുത്തി. ജില്ലാ ആശുപത്രിയില്‍ ഡോ. എന്‍. അഭിലാഷ് (9961730233), തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോ. അനീഷ്. കെ.സി (9447804603) എന്നിവരെ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. എല്ലാ ആശുപത്രികളിലും വ്യക്തിഗത സുരക്ഷയ്ക്കായുള്ള ഉപകരണം ലഭ്യമാക്കും. വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ ശേഖരിച്ച് ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ശേഖരിക്കുമെന്നും അവിടെനിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും. നിപ്പാ വൈറസ് രോഗത്തിന്റെ റഫറല്‍ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ തെരഞ്ഞെടുത്തു.
കണ്ണൂരിലെ കൊയിലി ആശ്രുപത്രി, എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളില്‍ക്കൂടി ഐസൊലേഷന്‍ വാര്‍ഡ്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമന്ന് കലക്ടര്‍ ഐ.എം.എക്ക് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നിപാ വൈറസ് രോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഡി.എസ്.പിയിലേക്ക് അയക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡോ, പ്രത്യേക ഇടമോ ഒരുക്കണം. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
അടിയന്തരഘട്ടത്തില്‍ ആവശ്യമായ ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരോട് കലക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയബാലന്‍, വെള്ളോറ രാജന്‍, ഡി.എഫ്.ഒ സുനില്‍ പാമിഡി, ഡോ. എം.കെ ഷാജ്, ഡോ. എ.ടി മനോജ്, ഡോ. വി.പി രാജേഷ്, ഡോ. എന്‍. അഭിലാഷ്, സ്വകാര്യ ആശുപത്രി അധികൃതര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."