'ബിവറേജസ് അടച്ചു പൂട്ടുക അല്ലങ്കില്‍ ഞങ്ങളിവിടെ കിടന്ന് മരിക്കുക' സമരവീര്യം ചോരാതെ മാക്കയും വെള്ളയും കൂട്ടരും
മാനന്തവാടി: കനത്ത മഴയിലും തണുപ്പിലും സമരത്തിന്റെ ആവേശം ചോരാതെ മാക്കയും വെള്ളയും കൂട്ടരും മദ്യവിരുദ്ധ സമരപ്പന്തലില്‍ അഞ്ചു മാസം പിന്നിടുന്നു. മാനന്തവാടി-വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലറ്റിനെതിരെ ആദിവാസി സ്ത്രീകള്‍ നടത്തുന്ന സമരം ഇന്ന് 155-ാം ദിവസമാണ്. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അടുത്ത ദിവസം മുതല്‍ ബിവറേജസിന് മുന്നില്‍ എതിര്‍വശത്തായി നിര്‍മിക്കുന്ന സ്ഥിരം സമരപ്പന്തലിലേക്ക് സമരം മാറ്റും.
ബിവറേജസ് അടച്ചു പൂട്ടുക അല്ലങ്കില്‍ ഞങ്ങളിവിടെ കിടന്ന് മരിക്കുക എന്നതിലപ്പുറം പാതി വഴിയില്‍ സമരം ഉപേക്ഷിച്ച് പോകാന്‍ ഒരുക്കമല്ലാത്ത പത്തോളം ആദിവാസി സ്ത്രീകളാണ് ഇപ്പോഴും രാവിലെ മുതല്‍ വൈകുരേം വരെ മഴയെയും തണുപ്പിനെയും അവഗണിച്ച് നിത്യവും സമരപ്പന്തലില്‍ എത്തുന്നത്. പരിസരങ്ങളിലെ കോളനികളായ പയ്യമ്പള്ളി, പുതിയിടം, പൊട്ടന്‍കൊല്ലി, വെള്ളമുണ്ട ആലഞ്ചരി കോളനികളിലെ മാക്ക, വെള്ള, ചിന്നു, വനജ, ചിട്ടാങ്കി, സുശീല, ബോചി, ജാനു, കാക്കമ്മ, ശോഭ, മുത്തിയമ്മ, ബിന്ദു എന്നീ ആദിവാസി സ്ത്രീകളാണ് ഇപ്പോള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ആദിവാസി ഫോറം പ്രവര്‍ത്തകരായ ശ്രീജിത്, രാജഗോപാല്‍, കാവലന്‍ എന്നിവരും സമര സഹായസമിതി നേതാക്കളായ പോള്‍ ചെറുകാട്ടുര്‍, ജോണ്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്യവും നല്‍കി വരുന്നു.
അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ആദിവാസി ഊരുകളില്‍ മദ്യം വിതക്കുന്ന വിപത്തിനെ തടയുന്നതിനായി മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യ നയത്തിലുള്ള പ്രതീക്ഷയും മുന്‍കാലങ്ങളില്‍ അടച്ചു പൂട്ടിയ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പിന്‍ബലവും സമരക്കാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഇടതു സര്‍ക്കാരിന്റെ മദ്യനയം സമരക്കാരുടെ ആശങ്കയേറ്റുന്നുണ്ട്. സമരം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും സമരക്കാരുമായി അധികൃതര്‍ ഇതുവരെ ചര്‍ച്ചക്ക് തയാറായിട്ടില്ല. എന്നാല്‍ സമരക്കാര്‍ക്കെതിരേ ഔട്ട്‌ലറ്റ് ഉപരോധിച്ചതിന് പൊലിസ് കേസെടുത്തിട്ടുണ്ട്.
ആരംഭത്തില്‍ നിരവധി സംഘടനകളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും ഭരണമാറ്റം വന്നതോടെ സമരത്തിന് വീര്യവും കുറഞ്ഞു. എന്നാല്‍ തുടക്കം മുതല്‍ സമരത്തിലുണ്ടായിരുന്ന മാക്കയും വെള്ളയുമുള്‍പ്പെടെയുള്ള പത്തോളം സ്ത്രീകളാണ് വീര്യം ചോരാതെ ഇപ്പോഴും സമരപ്പന്തലിലെത്തുന്നത്. വീടുകളില്‍ ജോലികളുണ്ടായിട്ടും അഞ്ചു മാസമായി അതെല്ലാം മാറ്റിവച്ച് കോളനികളില്‍ മനസമാധാനത്തോടെ ഉറങ്ങാനുള്ള സ്വാതന്ത്യത്തിന് വേണ്ടിയുള്ള ഇവരുടെ സമരം പൊതുസമൂഹം കണ്ടില്ലെന്ന് നടിക്കുന്നതിലുള്ള സങ്കടത്തിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."