മരിയനാട്ടില്‍ നിയമം ഒന്ന്-നടപ്പാക്കല്‍ രണ്ടുവിധം
മരിയനാട്: കെ.എഫ്.ഡി.സി മരിയനാട് തോട്ടം വിട്ടുപോകുന്നതിന് മുന്‍പായി തോട്ടത്തില്‍ അതുവരെ നടന്ന അഴിമതികള്‍ മുഴുവന്‍ മൂടുന്നതിനായുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടാണ് മടങ്ങിയത്. ആദിവാസികളെ ഉപയോഗിച്ച് തോട്ടം കൈയേറിച്ചു. 2003ലാണ് ആദിവാസികള്‍ തോട്ടം കൈയേറിയത്.
അതിന് മുന്‍പുള്ള മൂന്ന് വര്‍ഷംകൊണ്ട് തോട്ടം നശിപ്പിച്ച കെ.എഫ്.ഡി.സിക്ക് ആദിവാസികള്‍ തോട്ടം കൈയേറിയാല്‍ പിന്നീടുവരുന്ന ഒരന്വേഷണത്തിനും ഇവിടെ നടന്ന ഒരൊറ്റ അഴിമതിയും കണ്ടെത്താനാവില്ലെന്ന ഉത്തമബോധ്യമുണ്ടായിരുന്നു. ആദിവാസികള്‍ തോട്ടം കൈയേറുമെന്ന വ്യക്തമായ അറിവുലഭിച്ചിട്ടും ഇതിനെതിരെ യാതൊരു നടപടിയും അവര്‍ സ്വീകരിച്ചില്ല.
എന്നുതന്നെയല്ല, തോട്ടത്തിന്റെ ഏതെല്ലാം ഭാഗങ്ങളാണ് കൈയേറേണ്ടതെന്ന വ്യക്തമായ വിവരവും കെ.എഫ്.ഡി.സി ഉദ്യോഗസ്ഥര്‍ അവരുടെ നേതാക്കള്‍ക്കു നല്‍കുകയും ചെയ്തു. തോട്ടം കൈയേറുമെന്ന വിവരം തോട്ടംതൊഴിലാളികളില്‍നിന്നും ഉദ്യോഗസ്ഥര്‍ മറച്ചുവയ്ക്കുകയും ചെയ്തു. അല്ലെങ്കില്‍ അവരുടെ എതിര്‍പ്പുണ്ടായാല്‍ പൊലിസ് ഇടപെടല്‍ ഉണ്ടാകുമെന്നും അങ്ങനെ കൈയേറ്റം പാളിപ്പോകുവാനുളള സാധ്യതയുണ്ടെന്നും അവര്‍ മനസ്സിലാക്കി.
കൈയേറ്റത്തിന് സൗകര്യമൊരുക്കുന്നതിനായി ഇതിന് നാലുദിവസം മുന്‍പ് കെ.എഫ്.ഡി.സി തോട്ടത്തിലെ ജോലികള്‍ നിര്‍ത്തിവയ്പ്പിച്ചു.
2003-ലാണ് ആദിവാസികള്‍ തോട്ടം കൈയേറിയത്. മരിയനാട് തോട്ടത്തിലെ 140-ഹെക്ടര്‍ സ്ഥലമാണ് ആദിവാസികള്‍ കൈയേറിയത്. ആദിവാസികള്‍ കൈയേറിയതോടെ തോട്ടം തങ്ങള്‍ക്ക് നഷ്ടമായെന്ന ബോധ്യം വന്ന തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി തോട്ടത്തില്‍ അവശേഷിച്ച ഭാഗവും കൈയേറി. തോട്ടത്തില്‍ അതുവരെ പണിയെടുത്തിരുന്ന 139-തൊഴിലാളികള്‍ അവശേഷിച്ച 98-ഹെക്ടര്‍ സ്ഥലമാണ് കുടിയേറി കുടില്‍കെട്ടി താമസമുറപ്പിച്ചത്.
തോട്ടത്തിന്റെ ഏറ്റവും ഫലഭൂയിഷ്ഠമായ മേഖലകള്‍ ആദിവാസികള്‍ കൈയേറിയശേഷം അവശേഷിച്ച തരിശുഭൂമിയാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. 2003-മുതല്‍ ഇന്നുവരെ ഇതേ അവസ്ഥയില്‍ കുടിലുകള്‍ക്കുള്ളില്‍ നരകജീവിതം നയിക്കുകയാണ് ഈ മുന്‍കാല തോട്ടംതൊഴിലാളികള്‍.
മരിയനാട് തോട്ടത്തിലെ തൊഴിലാളികളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരുത്തരവ് 2004-ല്‍ പുറത്തിറക്കി. ഇതുപ്രകാരം കെ.എഫ്.ഡി.സിയുടെ കൈവശമുളളതും, നിലവില്‍പ്രവര്‍ത്തനരഹിതവുമായ വയനാട്ടിലെ മരിയനാട്, ചീയമ്പം, കല്ലുപാടി എന്നീ തോട്ടങ്ങള്‍ തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും പതിച്ചു നല്‍കുവാനായിരുന്നു തീരുമാനം.
തോട്ടം കൈയേറിയ ആദിവാസികള്‍ക്കും തോട്ടത്തില്‍ ജോലിയുണ്ടായിരുന്ന 10-ആദിവാസി കുടുംബങ്ങള്‍ക്കും ഇതുപ്രകാരം സ്ഥലം പതിച്ചുനല്‍കി. 140-ഹെക്ടര്‍ സ്ഥലമാണ് ഇപ്രകാരം പതിച്ചു നല്‍കിയത്. എന്നാല്‍ ആദിവാസികളല്ലാത്ത തൊഴിലാളികള്‍ക്ക് സ്ഥലം പതിച്ചു നല്‍കുവാന്‍ അധികൃതര്‍ തയാറായില്ല. ഒരേ പന്തലില്‍ രണ്ട് വിളമ്പെന്ന രീതി ഇവിടെയുണ്ടായി.
ഇന്ന് മരിയനാട്ടെ പഴയ തൊഴിലാളികള്‍ക്ക് പ്രതീക്ഷകളൊന്നുമില്ല. തോട്ടം കൈയേറിയവര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി വീടുകള്‍ സര്‍ക്കാര്‍ പണിതു നല്‍കുന്നു, ആടുമാടുകളെ സ്വയംതൊഴില്‍ കണ്ടെത്തുവാനായി വിതരണം ചെയ്യുന്നു, കുടിവെളള പദ്ധതികള്‍ നടപ്പാക്കുന്നു.
ഇവിടെ അടുത്ത് വനംകൈയേറിയ ആദിവാസികള്‍ക്കുപോലും കക്കൂസും കുളിമുറിയും സര്‍ക്കാര്‍ പണിതു നല്‍കുമ്പോള്‍ ഈ മുന്‍തൊഴിലാളികളെ പരിപൂര്‍ണമായി അവഗണിക്കുന്നു.
ഇവര്‍ക്ക് വീടുകളില്ല, കൈവശാവകാശരേഖ ലഭിക്കാത്തതുകൊണ്ട് വൈദ്യുതി കണക്ക്ഷനൊ, കുടിവെളളത്തിനുളള പൈപ്പ് കണക്ക്ഷനൊ ഇവര്‍ക്കു നിഷേധിക്കുന്നു. ഇപ്പോള്‍ ഇവരുടെ കൈവശമിരിക്കുന്ന ഭൂമി കൈയേറുവാന്‍ മറ്റൊരു ആദിവാസി സംഘടന വരുന്നെന്നാണ് ഇവര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.
അങ്ങനെ സംഭവിച്ചാല്‍ ഇവിടെ നടക്കുന്നത് നാവുകൊണ്ടുളള വിപ്ലവമായിരിക്കുകയില്ല, സായുധ വിപ്ലവമായിരിക്കും. എല്ലാം നഷ്ടപ്പെട്ട ഇവരുടെ മുന്നില്‍ ഇനി മരണമല്ലാതെ യാതൊന്നുമില്ല. നീതി നിഷേധിക്കപ്പെട്ട ഇവരുടെ വിലാപം കേള്‍ക്കുവാന്‍ ആരുമില്ല. തോട്ടം ഉടമകള്‍ അടിമകളായ അവസ്ഥയാണ് ഇവിടെയുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."