സഹ. ബാങ്ക് ജീവനക്കാര്‍ക്ക് വായ്പാ ആനൂകൂല്യങ്ങള്‍; അംഗങ്ങളെ പിഴിയുന്നു
തൊടുപുഴ: ജീവനക്കാര്‍ക്ക് നിരവധി വായ്പാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും സഹകരണ ബാങ്കുകള്‍ അംഗങ്ങളെ പിഴിയുന്നു. സാധാരണക്കാര്‍ക്ക് ആശ്രയമാണ് സഹകരണ ബാങ്കുകളെന്ന് മുഖ്യമന്ത്രിയടക്കം പ്രഖ്യാപിക്കുമ്പോഴാണ് അംഗങ്ങള്‍ക്ക് അവകാശപ്പെട്ട ഇളവുകള്‍ പോലും ലഭ്യമാകാതെ വരുന്നത്.
സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.സജിത് ബാബുവിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രാഥമിക സഹകരണ ബാങ്ക് -സംഘങ്ങളിലെ ജീവനക്കാരുടെ ഭവന വായ്പാ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഓവര്‍ ഡ്രാഫ്റ്റ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
ഈ രണ്ടു വായ്പകള്‍ക്കും നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന കൂടിയ പലിശ നിരക്കായ എട്ടു ശതമാനം നല്‍കിയാല്‍ മതി. 20 ലക്ഷം രൂപ ജീവനക്കാരന്‍ വായ്പ എടുക്കുമ്പോള്‍ 13,150 രൂപയാണ് പ്രതിമാസം പലിശയായി നല്‍കേണ്ടത്. എന്നാല്‍ സാധാരണ അംഗം വായ്പ എടുക്കുമ്പോള്‍, രജിസ്ട്രാര്‍ നിശ്ചയിച്ച നിരക്കായ 13.5 ശതമാനം വാങ്ങിയാല്‍ പോലും 23000 രൂപയോളം നല്‍കണം. ബാങ്കുകളെ നിലനിര്‍ത്തുന്ന സാധാരണ വായ്പക്കാരന്‍ 10,000 രൂപയോളമാണ് പ്രതിമാസം അധികം നല്‍കേണ്ടത്. ഒരു വര്‍ഷമാകുമ്പോള്‍ ഈ വ്യത്യാസം 1,12,800 രൂപയാകും. രജിസ്ട്രാറുടെ നിര്‍ദേശം പാലിക്കാതെ പല ബാങ്കുകളും 16 ശതമാനം വരെ പലിശ അംഗങ്ങളില്‍ നിന്ന് പിഴിയുന്നുണ്ട്. കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്റെ മെയ് മൂന്നിലെ നിവേദനപ്രകാരമാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
സഹകരണ സംഘം രജിസ്ട്രാര്‍ വായ്പകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിയ വായ്പാ പലിശ നിരക്ക് 13.5 ശതമാനമാണ്. അനിവാര്യഘട്ടങ്ങളില്‍ മാത്രമേ ഈ കൂടിയ നിരക്ക് ഈടാക്കാവൂ. എന്നാല്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സര്‍വിസ് ബാങ്കുകള്‍ സ്ഥിരമായി ഈടാക്കുന്നത് ഈ കൂടിയ പലിശ നിരക്കാണ്. ഇതിനുപുറമെ വായ്പക്കാരില്‍ നിന്ന് വായ്പ തുകയുടെ രണ്ടു ശതമാനം ഓഹരിതുകയായി ഈടാക്കുന്നു.10 ലക്ഷം രൂപാ വായ്പക്ക് 20,000 രൂപയാണ് ഓഹരി തുകയായി ഈടാക്കുന്നത്.
തൊടുപുഴ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അനുപാതം പാലിക്കാതെ ഓഹരിത്തുക 20,000 രൂപയില്‍ നിജപ്പെടുത്തിയിരിക്കുകയാണ്. വായ്പ തിരിച്ചടച്ചാല്‍ പോലും ഓഹരിത്തുക മൂന്ന് വര്‍ഷത്തിന് ശേഷമേ തിരിച്ചുനല്‍കുകയുള്ളൂ. കൂടാതെ വായ്പക്കാരില്‍ നിന്ന് ജി.എസ്.ടി, ഗഹാന്‍, മിസലേനിയസ്, പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി എന്നീ ഇനങ്ങളില്‍ ഫീസായി ഓരോ ബാങ്കുകളും ഇഷ്ടാനുസരണം തുക ഈടാക്കുന്നുമുണ്ട്.
2010 വരെ സഹകരണ ബാങ്കുകളില്‍ നിക്ഷേപ-വായ്പ പലിശ നിരക്ക് തമ്മിലുള്ള അന്തരം രണ്ട് ശതമാനമായിരുന്നു. ഇപ്പോള്‍ ഏഴ് ശതമാനത്തിന് മുകളിലാണ്. യഥാര്‍ഥത്തില്‍ പകല്‍ കൊള്ളയാണ് പല സഹകരണ ബാങ്കുകളും നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."