തുര്‍ക്കി സ്‌ഫോടനം : കൊല്ലപ്പെട്ടവരില്‍ ആറു സഊദി പൗരന്മാരും
ദമ്മാം: ചൊവ്വാഴ്ച അര്‍ധ രാത്രി തുര്‍ക്കിയിലെ ഇസ്താംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറു സഊദി പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്താംബൂളിലെ സഊദി എംബസ്സി വ്യക്തമാക്കി.
അഞ്ചു സഊദി പൗരന്മാരെ കാണാതായെന്നും 27 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സഊദി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണെന്നും എംബസ്സി പറഞ്ഞു.
നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിലുള്ളവരാണ് പരുക്കേറ്റവരില്‍ 4 പേര്‍ , എന്നാല്‍ കാണാതായ 5 പേരെ കുറിച്ചു ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കിയിലെ സഊദി അംബാസിഡര്‍ ആദില്‍ മിര്‍ദാദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെ അര്‍ധ രാത്രിയിലാണ് തുര്‍ക്കിയിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടന്നത്.
വിമാനത്താവളത്തിലെത്തിയ മൂന്ന് ചാവേറുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുര്‍ത്തശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ ഒരു ചാവേറിനെ സുരക്ഷാ സേന പ്രവേശന കവാടത്തില്‍ വെടിവച്ചിടുകയും അല്‍പ സമയത്തിനു ശേഷം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സി സി ടി വി ക്യാമറ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ഐ.എസ് ഭീകരരാണെന്ന് സംശയിക്കുന്നതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലിയില്‍ദ്രിം പറഞ്ഞിരുന്നു.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന വിമാനത്താവളം താല്‍ക്കാലികമായി അടചിട്ടിരിക്കുകയാണ്
സ്‌ഫോടനത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായും 230 പേര്‍ക്ക് പരുക്കേറ്റതായുമാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ 23 തുര്‍ക്കി പൗരന്‍മാരും 13 വിദേശ പൗരന്മാരുമാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഓഫിസ് വ്യക്തമാക്കി. സഊദിക്ക് പുറമെ പരിക്കേറ്റ മറ്റു വിദേശികളില്‍ ഇറാഖ്, ട്യൂണീസിയ, ഉസ്‌ബെക്കിസ്ഥാന്‍ ,ചൈന, ഇറാന്‍ ,ഉക്രൈന്‍, ജോര്‍ദാന്‍ ,ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാരാണ്.
റമദാന്‍ അവസാന ദിവസങ്ങളില്‍ നടന്ന ആക്രമണത്തില്‍ ലോക രാജ്യങ്ങള്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."