ഒടുവില്‍ നാസ തലവന്‍ വിശ്വസിച്ചു; കാലാവസ്ഥാ വ്യതിയാനം ഉള്ളതുതന്നെ
വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യം തന്നെയെന്ന് ഒടുവില്‍ നാസാ മേധാവി വിശ്വസിച്ചിരിക്കുന്നു! വായിച്ചു ഞെട്ടേണ്ട അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയുടെ പുതിയ തലവന്‍ തന്നെയാണ്. ഇത്രയും കാലം കാലാവസ്ഥാ വ്യതിയാനം ആളുകള്‍ പറഞ്ഞുപേടിപ്പിക്കുന്ന മിഥ്യയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, പുതിയ 'തിരിച്ചറിവു'ണ്ടായ വിവരം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അടുത്തിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ച നാസാ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍.
ഒരു സെനറ്റ് വാദംകേള്‍ക്കലിനിടെയായിരുന്നു കൗതുകകരമായ 'വെളിപ്പെടുത്തല്‍'. ദേശീയ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയും ഊര്‍ജ വകുപ്പും ദേശീയ സമുദ്ര-ഉപരിതല നിരീക്ഷണ സമിതിയുമെല്ലാം കാലാവസ്ഥാമാറ്റം യാഥാര്‍ഥ്യമാകാന്‍ സാധ്യത കൂടുതലാണെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് യു.എസ് സെനറ്റില്‍ ജിം പറഞ്ഞു. ആഗോളതാപനത്തിന്റെ മുഖ്യകാരണം മനുഷ്യപ്രവൃത്തികള്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ ശാസ്ത്രം പറയുന്നത് അവിശ്വസിക്കാന്‍ തന്റെയടുത്ത് കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് കിം ബ്രൈഡെന്‍സ്റ്റൈനെ നാസാ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. നാസാ തലപ്പത്തേക്ക് ജിമ്മിനെ നിയമിച്ചതിനെതിരേ ശാസ്ത്രലോകത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. ഒരു തരത്തിലുമുള്ള ശാസ്ത്രീയ പശ്ചാത്തലം ഇല്ലെന്നു മാത്രമല്ല, 2013ല്‍ ആഗോളതാപനത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ ചോദ്യം ചെയ്തു രംഗത്തെത്തുകയും ചെയ്തിരുന്നു കിം. ഒരു ദശകം മുന്‍പു തന്നെ അന്തരീക്ഷത്തിലെ താപനില ഉയരുന്നത് നിലച്ചിരുന്നുവെന്നായിരുന്നു കിമ്മിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."