കിരീടം നിലനിര്‍ത്താനൊരുങ്ങി ജര്‍മനി
എപ്പന്‍ (ഇറ്റലി): ലോക കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ജര്‍മനിയുടെ പരിശീലന ക്യാംപിന് ഇറ്റലിയില്‍ തുടക്കമായി. പരുക്കിനെ തുടര്‍ന്ന് സീസണ്‍ മുക്കാലും നഷ്ടമായ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മാനുവല്‍ നൂയര്‍ പരിശീലനത്തിനിറങ്ങിയതാണ് ശ്രദ്ധേയം. പരുക്ക് മാറി കഴിഞ്ഞ ആഴ്ച മുതല്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം പരിശീലനം തുടങ്ങിയ ശേഷമാണ് ദേശീയ ടീമിന്റെ ക്യാംപിലേക്ക് നൂയര്‍ എത്തിയത്. പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന പ്രതിരോധത്തിലെ കരുത്തന്‍ ജെറോം ബോട്ടെങ് ഈയാഴ്ച ടീമിനൊപ്പം ചേരുമെന്ന് കോച്ച് ജോക്വിം ലോ വ്യക്തമാക്കി.
ഇത് നാലാം തവണയാണ് ഇറ്റലിയിലെ എപ്പനില്‍ ജര്‍മനി ദേശീയ ടീം പരിശീലനത്തിനായി എത്തുന്നത്. ലോക കിരീടം നിലനിര്‍ത്താനുള്ള കഠിന പരിശീലനം തുടങ്ങിയതായി കോച്ച് പ്രതികരിച്ചു. ലോകകപ്പിന് ശേഷം ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ലോ പിന്‍മാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ലോയുടെ കരാര്‍ ജര്‍മന്‍ അധികൃതര്‍ 2022 വരെ നീട്ടി.
നിലവില്‍ പരിശീലനത്തിനായി 27 അംഗ സാധ്യതാ ടീമിനെയാണ് ലോ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ നിന്ന് അവസാന ഘട്ടത്തില്‍ നാല് പേര്‍ പുറത്താകും. ജൂണ്‍ രണ്ടിന് ജര്‍മനി ഓസ്ട്രിയയുമായി സന്നാഹ മത്സരം കളിക്കും. എട്ടിന് സഊദി അറേബ്യയുമായും ടീം മത്സരിക്കും. ലോകകപ്പില്‍ ഗ്രൂപ്പ് എഫിലാണ് നിലവിലെ ചാംപ്യന്‍മാര്‍ മാറ്റുരയ്ക്കുന്നത്.
സ്വീഡന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ ടീമുകളാണ് എതിരാളികള്‍. ഗ്രൂപ്പ് പോരാട്ടം ലോക ചാംപ്യന്‍മാരെ സംബന്ധിച്ച് അനായാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോസ്റ്റയ്ക്ക് പരുക്ക്
റിയോ ഡി ജനീറോ: ബ്രസീല്‍ താരം ഡഗ്ലസ് കോസ്റ്റയ്ക്ക് പരുക്കേറ്റു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ബ്രസീല്‍ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന്റെ തുടയ്ക്ക് പരുക്കേറ്റത്. അതേസമയം പരുക്ക് സാരമുള്ളതല്ലെന്നും ലോകകപ്പില്‍ കോസ്റ്റയ്ക്ക് ഇറങ്ങാന്‍ സാധിക്കുമെന്നും ബ്രസീല്‍ ടീമിന്റെ മെഡിക്കല്‍ സംഘം വ്യക്തമാക്കി.
റോസ്റ്റോവ് അരീന
റഷ്യന്‍ പ്രീമിയര്‍ ലീഗ് ടീമായ എഫ്.സി റോസ്റ്റോവിന്റെ ഹോം ഗ്രൗണ്ട്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ചത്. 45,000 പേര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയം. 2013ല്‍ നിര്‍മാണം തുടങ്ങി 2017 ലാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറന്നത്.
ഒരു അന്താരാഷ്ട്ര മത്സരവും സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നിട്ടില്ല. ഏറ്റവും കുറവ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലൊന്നാണിത്. ഒരു പ്രീ ക്വാര്‍ട്ടര്‍ മത്സരം ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ മാത്രമാണിവിടെ നടക്കുന്നത്.
റോസ്റ്റോവ് അരീനയിലെ മത്സരങ്ങള്‍
ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് (ജൂണ്‍ 17)
ഉറുഗ്വെ- സഊദി അറേബ്യ (ജൂണ്‍ 20)
ദ. കൊറിയ- മെക്‌സിക്കോ (ജൂണ്‍ 23)
ഐസ്‌ലന്‍ഡ- ക്രൊയേഷ്യ (ജൂണ്‍ 26)
പ്രീ ക്വാര്‍ട്ടര്‍ (ജൂലൈ രണ്ട്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."