മൃഗങ്ങള്‍ക്ക് രക്ഷയില്ലാത്ത മൃഗശാല സ്വാംപ് ഡിയറും ചത്തു
തിരുവനന്തപുരം: സീബ്രക്കും ഒട്ടകപക്ഷിക്കും പിന്നാലെ മൃഗശാലയിലെ സ്വാംപ് ഡിയറും (ബാരാസിംഗ) ചത്തു. പുറത്തറിയിക്കാതെയും, പോസ്റ്റു മാര്‍ട്ടം നടത്താതെയും ജഡം മറവും ചെയ്തു. നാഗാലാന്റില്‍ നിന്നുമാണ് ഇവയെ കൊണ്ടു വന്നത്. പന്ത്രണ്ടോളം സ്വാംപ് ഡിയറുകളെ കൊണ്ടു വന്നതില്‍ പാതിവഴിയില്‍ വെച്ച് രണ്ടെണ്ണം ചത്തിരുന്നു. അതും പുറംലോകമറിഞ്ഞില്ല. ട്രെയിനില്‍വെച്ച് ചത്ത ഡിയറുകളെ പുറത്തേക്കു വലിച്ചെറിഞ്ഞെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്. വളരെ ലോല മനസ്സുള്ള മാനുകളാണ് സ്വാംപ് ഡിയറുകള്‍. 12 കൊമ്പുകളാണ് പ്രത്യേകത. വലിയൊരു ശബ്ദത്തെപ്പോലും അതിജീവിക്കാന്‍ കഴിയാത്ത ഇവയെ എപ്പോഴും സന്ദര്‍ശക തിരക്കുള്ള ഭാഗത്തുള്ള സ്ഥലത്താണ് പാര്‍പ്പിച്ചിരിക്കുന്നത്.
ചികിത്സ ലഭിക്കാതെയാണ് കഴിഞ്ഞ ദിവസം ഒട്ടകപ്പക്ഷി ചത്തത്. കടുത്ത പനിയായിരുന്നു കാരണം. എന്നാല്‍, അന്തരീക്ഷത്തിലെ ചൂട് കൂടുതലായതാണ് ഒട്ടകപ്പക്ഷി ചാകാന്‍ കാരണമെന്ന് മൃഗശാലാ ഡോക്ടറുടെ വിശദീകരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഒട്ടകപ്പക്ഷികളുടെ ചൂടു കുറയ്ക്കാന്‍ തണുത്ത വെള്ളം അവയുടെ ശരീരത്തില്‍ ഒഴിക്കുകയും, കൂട്ടില്‍ ഫാന്‍ വെച്ചിരിക്കുകയുമാണ്. ആഫ്രിക്കന്‍ മരുഭൂമികളില്‍ കാണപ്പെടുന്ന പക്ഷികളാണ് ഇവ.
ചൂടിനെ അതിജീവിച്ച് വളരുന്നവയുമാണ്. കുറഞ്ഞത് 64 ഡിഗ്രി സെല്‍ഷ്യസില്‍ പോലും ജീവിക്കാനാവുന്ന ഈ പക്ഷികള്‍ കേരളത്തിലെ ചൂടു താങ്ങുന്നില്ലെന്ന വ്യാജ പ്രചാരണമാണ് അധികൃതര്‍ നടത്തുന്നത്. ഇതിനെതിരേ കീപ്പര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്.
ഒട്ടകപ്പക്ഷിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ മൃഗശാലാ ഡോക്ടര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതില്‍ ദുരൂഹതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ചില മാധ്യമങ്ങളെ മാത്രം മൃഗശാലയിലെ കൂടിനുള്ളില്‍ കയറി ഫോട്ടോയെടുക്കാനും, വീഡിയോ ഷൂട്ടു ചെയ്യാനും അനുമതി കൊടുക്കുന്നതിനും കീപ്പര്‍മാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ക്ക് രേഖാമൂലം പരാതിയും, കംപ്ലയിന്റ് ബുക്കില്‍ റിപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് മൃഗശാലാ സൂപ്രണ്ട് അവഗണിക്കുകയാണ് ചെയ്തതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
വകുപ്പുമന്ത്രിയുടെ ഓഫിസില്‍ ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണയുടെ പിന്‍ബലത്തിലാണ് ഡോക്ടറും സൂപ്രണ്ടും മൃഗങ്ങളോട് അനാസ്ഥ കാണിക്കുന്നതെന്നാണ് ആക്ഷേപം. ഒട്ടകപ്പക്ഷി ചാകാന്‍ കാരണം എന്താണെന്നു പോലും മനസ്സിലാക്കാന്‍ കഴിയാത്ത വകുപ്പുമന്ത്രിയെ ഡോക്ടറും സംഘവും പറ്റിക്കുകയാണെന്നു ഭരണപക്ഷ സംഘടനയിലെ ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."