അരീക്കോട് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഡി.വൈ.എഫ്.ഐ അക്രമം
അരീക്കോട്: അരീക്കോട് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഡി.വൈ.എഫ്.ഐ അക്രമം. പതിനാലാം വാര്‍ഡംഗം ഉമര്‍ വെള്ളേരിക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പന്ത്രണ്ടോടെയാണ് പഞ്ചായത്ത് ബോര്‍ഡ് യോഗം നടക്കുന്ന ഹാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പതിനഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചുകയറി അംഗങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. രാവിലെ പതിനൊന്നിനായിരുന്നു ബോര്‍ഡ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിന് മുന്‍പ് തന്നെ മുണ്ടമ്പ്ര ഭാഗത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കുറച്ച് സ്ത്രീകളും പഞ്ചായത്തിലെത്തി പ്രസിഡന്റിനെ കണ്ട് കുടിവെള്ള പദ്ധതിയുമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ വാട്ടര്‍ അതോറിറ്റി ഓവര്‍സിയറെ ഫോണില്‍ ബന്ധപ്പെട്ട് രണ്ടിന് പത്തായത്തില്‍ എത്തണമെന്ന് അറിയിച്ചു. ബോര്‍ഡ് യോഗത്തിന് ശേഷം വിഷയം ഓവര്‍സിയറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ ഉറപ്പ് നല്‍കുകയും ചെയ്തതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
എന്നാല്‍ യോഗം ആരംഭിച്ച് അജന്‍ഡകള്‍ ചര്‍ച്ചചെയ്യുന്നതിനിടെ ഇടതുപക്ഷ അംഗങ്ങള്‍ ആദ്യം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു.
അജന്‍ഡയിലില്ലാത്ത കാര്യങ്ങള്‍ അവസാനം ചര്‍ച്ചക്കെടുക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പലതവണ പറഞ്ഞെങ്കിലും ഇടതുപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഇതോടെ പതിനാലാം വാര്‍ഡ് അംഗം ഉമര്‍ വെള്ളേരിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിപക്ഷത്തിന്റെ നടപടികള്‍ ശരിയല്ലെന്നും അജന്‍ഡയിലില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കരുതെന്നും ആവശ്യപ്പെട്ടതോടെ യു.ഡി.എഫ് അംഗങ്ങള്‍ പുറത്തിറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തി പതിനഞ്ചോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹാളിലേക്ക് ഇരച്ചു കയറി അക്രമം നടത്തുകയായിരുന്നു.
യോഗം കഴിഞ്ഞതിന് ശേഷം വിഷയത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് പ്രസിഡന്റ് അറിയിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും കൈയാങ്കളിയിലെത്തിയതോടെ അരീക്കോട് പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ യോഗം തുടര്‍ന്നു. അക്രമത്തില്‍ പരുക്കേറ്റ പതിനാലാം വാര്‍ഡംഗം ഉമര്‍ വെള്ളേരി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. യോഗത്തിന് ശേഷം കുടിവെള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ചെങ്കിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ പറഞ്ഞു.
എന്നാല്‍ പുറത്ത് നിന്ന് ബോര്‍ഡ് യോഗം വീക്ഷിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യു.ഡി.എഫ് അംഗങ്ങള്‍ മര്‍ദിക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ് അംഗം കെ.രതീഷ് പറഞ്ഞു. യു.ഡി.എഫ് അംഗങ്ങള്‍ അക്രമം നടത്തിയെന്നാരോപിച്ച് സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരീക്കോട് ടൗണില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."