പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കല്‍: മന്ത്രി ശശീന്ദ്രന്റെ യാത്ര കൗതുകമായി
കൊച്ചി: സാധാരണക്കാരുടെ ആശ്രയമായ ഓട്ടോറിക്ഷാ-ബസ് യാത്ര ആസ്വദിച്ച് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു മന്ത്രിയുടെ യാത്രകള്‍. ഇന്നലെ രാവിലെ 9. 40 ഓടെ തിരുവനന്തപുരം-കോഴിക്കോട് ജന്‍ശതാബ്ദി എക്‌സ്പ്രസിലാണ് മന്ത്രി എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ ഇറങ്ങിയ മന്ത്രി ഓവര്‍ ബ്രിഡ്ജ് വഴി ആറാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി. പിന്നീട് കാത്തു കിടന്ന ഓട്ടോറിക്ഷയിലേക്ക് കയറി.
സ്റ്റേഷന് പുറത്തെത്തി കരിത്തല റോഡിലൂടെ തിരിഞ്ഞ് പനമ്പിള്ളി നഗര്‍ ജങ്ഷനില്‍ മന്ത്രി യാത്ര അവസാനിപ്പിച്ചു. മന്ത്രി അടുത്തത് ആസ്വദിച്ചത് ബസ് യാത്രയാണ്. മന്ത്രി കൈകാണിച്ച ബസ് ജീവനക്കാര്‍ ഒന്നമ്പരന്നെങ്കിലും നിര്‍ത്തി മന്ത്രിയെയും കയറ്റി യാത്ര നടത്തി. മന്ത്രിയുടെ വരവ് പരിശോധനയ്ക്കാണോ എന്ന സംശയത്തിലായിരുന്നത്രേ ബസ് ജീവനക്കാര്‍.
മന്ത്രിക്കൊപ്പം യാത്ര ചെയ്തത് ഫോട്ടോയെടുത്ത് സൂക്ഷിക്കാന്‍ യാത്രക്കാര്‍ തിടുക്കപ്പെടുന്ന കാഴ്ചയും കൗതുകമായി. കൊച്ചിയുടെ ബ്ലോക്കില്‍ കുടുങ്ങിയപ്പോഴും അക്ഷമകാട്ടാതെ യാത്ര ആസ്വദിച്ച മന്ത്രി ഒടുവില്‍ 20 മിനിട്ടോളമെടുത്ത യാത്ര എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നില്‍ അവസാനിപ്പിച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാല്‍നടയായി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."