പുതുക്കാട് ഉഴിഞ്ഞാല്‍പാടം വെള്ളം കയറി ഏഴ് ഏക്കര്‍ നെല്‍കൃഷി നശിക്കുന്നു
പുതുക്കാട്: കര്‍ഷകരായ ആലപ്പാട്ട് ജരാര്‍ദ്, മാട്ടില്‍ മനോജ് എന്നിവര്‍ പാട്ടത്തിനെടുത്തു കൃഷി ചെയ്ത പുഞ്ചകൃഷിയാണു വെള്ളം കയറി നശിക്കുന്നത്.
മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടര്‍ താഴ്ത്തിയതും പാടത്തു കെട്ടികിടക്കുന്ന മഴവെള്ളം തുറന്നു കളയാന്‍ വഴിയില്ലാത്തതുമാണു കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. വിളവെടുപ്പിനു പാകമായ കതിരുകള്‍ വെള്ളത്തില്‍ വീണു കിടക്കുകയാണ്.
രണ്ടു ദിവസം കൂടി ഈ സ്ഥിതി തുടര്‍ന്നാല്‍ നെല്ല് കൃഷിയെന്താകുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. മാഞ്ഞാംകുഴി ഡാമില്‍ നിന്നു വെള്ളം തുറന്നു വിട്ടു നെല്‍കൃഷി സംരക്ഷിക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഇറിഗേഷന്‍ അധികൃതരും പഞ്ചായത്തും വേണ്ട നടപടികള്‍ എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
എന്നാല്‍ കുറുമാലിപുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വെള്ളം സംഭരിക്കുന്നതിനാണു മാഞ്ഞാംകുഴി ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയിരിക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു. ഡാം തുറന്നു വിട്ടാല്‍ പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ ഇടയാവുമെന്നും ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
രണ്ടു ദിവസം ഷട്ടര്‍ തുറന്നു വെള്ളം ക്രമീകരിച്ചാല്‍ പാടത്തെ ജലനിരപ്പ് താഴ്ത്തി നെല്‍കൃഷിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നാണു കര്‍ഷകര്‍ പറയുന്നത്. പാടത്ത് കെട്ടി നില്ക്കുന്ന വെള്ളം തുറന്നുകളയാന് പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍.
പാടത്തുള്ള വെള്ളം ക്രമീകരിക്കാന്‍ ഉഴിഞ്ഞാല്‍ തോട്ടില്‍ ഷട്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയതോടെ തോട് കവിഞ്ഞൊഴുകുകയാണ്.
ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷമാണു പാടത്തു പുഞ്ചകൃഷി നടത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരാമെന്നു വാഗ്ദാനം നല്കി പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പും ചേര്‍ന്നു വിത്തിറക്കി ഉദ്ഘാടനം ചെയ്ത നെല്‍കൃഷിയാണു വെള്ളം കയറി നാശത്തിന്റെ വക്കിലായതെന്നു കര്‍ഷകനായ ജരാര്‍ദ് പറഞ്ഞു.
പുഞ്ചകൃഷിയിറക്കാന്‍ സന്നദ്ധരായി കൂടുതല്‍ പേര് രംഗത്തു വന്നെങ്കിലും വെള്ളം കയറി കൃഷി നശിക്കുന്നതു കണ്ടതോടെ അവരെല്ലാം പിന്തിരിഞ്ഞതായും ജരാര്‍ദ് പറഞ്ഞു. ഡാമിലെ ജലനിരപ്പ് രണ്ടടിയോളം കുറച്ചാല്‍ പാടത്തെ വെള്ളം വറ്റുകയും കതിരുകള്‍ സുഗമമായി കൊയ്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. വേനല്‍മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ഡാമിന്റെ ഷട്ടര്‍ തുറന്നു പുതുക്കാടിന്റെ നെല്ലറയായ ഉഴിഞ്ഞാല്‍ പാടത്തെ നെല്‍കൃഷി സംരക്ഷിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."