സഊദിയില്‍ ജോലി നഷ്ടമാകുന്ന വിദേശികള്‍ വര്‍ധിച്ചു; 2017 മുതല്‍ ജോലി നഷ്ടപ്പെട്ടത് എട്ടു ലക്ഷത്തോളം പേര്‍ക്ക്
ജിദ്ദ: 2017 മുതല്‍ സഊദിയിലെ സ്വകാര്യ മേഖലയില്‍ നിന്നും ജോലി നഷ്ടപ്പെട്ടത് 7,85,000 പേര്‍ക്ക്. സഊദി അറേബ്യ പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരമാണിത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് പുറത്തുവിട്ട കണക്കിലാണ് 2017 ആദ്യം മുതല്‍ 2018 വരെയുള്ള 15 മാസത്തെ കണക്കുകള്‍ പുറത്തുവിട്ടത്. 2018 ആദ്യ പകുതി അവസാനിക്കാനിരിക്കെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം 7.71 മില്ല്യണായി കുറഞ്ഞിട്ടുണ്ട്. 2016 അവസാനം 8.495 മില്യണ്‍ ജോലിക്കാര്‍ സഊദിയിലുണ്ടായിരുന്നു. അതേസമയം, സ്വദേശി തൊഴിലാളികളുടെ എണ്ണം താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. 2016ല്‍ 1.68 മില്യണ്‍ സ്വദേശികള്‍ ഉണ്ടായിരുന്നത് 2018 ആദ്യ പകുതിയോടെ 1.76 മില്ല്യണായി വര്‍ധിച്ചിട്ടുണ്ട്. അനദോലു സര്‍വേയിലാണ് ഈ കണക്കുകളുള്ളത്. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. സ്വന്തം പൗരന്‍മാര്‍ക്ക് ജോലി നല്‍കുന്നതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതായും മന്ത്രാലയം അവകാശപ്പെട്ടു.
അതേ സമയം, സഊദിയിലെ വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് വിദേശികള്‍ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയാണ് സഊദിയില്‍ നിന്ന് വിദേശികള്‍ ജോലി നഷ്ടമായി തിരിച്ചുപോകുന്നതില്‍ വര്‍ധനവ് വന്നത്. സ്വദേശിവല്‍ക്കരണത്തിന് ഭരണകൂടം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. വിദേശികളെ പൂര്‍ണമായി ഒഴിവാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല. എന്നാല്‍, ചില മേഖലകളില്‍ സ്വദേശികള്‍ക്ക് മാത്രമേ പാടുള്ളുവെന്ന് നിബന്ധനയുണ്ട്. മറ്റു ചില മേഖലകളില്‍ നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്കെടുക്കണമെന്നാണ് സര്‍ക്കാരിന്റെ നിബന്ധന. ഇന്‍ഷുറന്‍സ്, ആശയവിനിമയം, ഗതാഗതം എന്നീ മേഖലകളില്‍ നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കും. സ്വദേശികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് സഊദി ഭരണകൂടം നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്വദേശികള്‍ ബാങ്ക് വഴി പണം ലഭ്യമാക്കി ബിസിനസ് പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, സ്ത്രീകളെയും തൊഴില്‍മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ മേഖല വളര്‍ന്നാല്‍ മാത്രമേ രാജ്യത്ത് പുരോഗതി വരൂ എന്നാണ് ഭരണകൂടം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നയമാറ്റങ്ങള്‍.
നിലവില്‍ സഊദിയില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം 12.8 ശതമാനം വരെയെത്തിയിട്ടുണ്ട്. അതേസമയം വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. സെപ്തംബര്‍ 11 മുതലാണ് ഈ മേഖലകളില്‍ സ്വദേശി നിയമനം പൂര്‍ത്തിയാക്കുക. ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍, വാച്ച് കടകള്‍, കണ്ണട വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലാണ് തൊട്ടടുത്ത ഘട്ടം. നവംബര്‍ ഒമ്പത് മുതല്‍ ഈ മേഖലകളിലെല്ലാം സ്വദേശിവത്ക്കരണം നടപ്പാക്കും ഇതിനു പുറമെ മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സ്‌പെയര്‍പാട്‌സ് കടകള്‍, കാര്‍പ്പറ്റ് കടകള്‍, ബേക്കറികള്‍ എന്നീ സ്വകാര്യ മേഖലകളിലാണ് അന്തിമഘട്ടം. അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ ഈ മേഖലകളിലെല്ലാം പൂര്‍ണമായും സ്വദേശിവല്‍ക്കരണം ആരംഭിക്കും. അതേ സമയം പുതിയ നിബന്ധനകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."