വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ -സഊദി സഹകരണം ശക്തിപ്പെടുത്താന്‍ നടപടി
റിയാദ്: വിദ്യാഭ്യാസ മേഖലയില്‍ സഊദി-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സഊദിയില്‍ ഇന്ത്യന്‍ അംബാസിഡറുടെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചു. ഇതിന്റെ ഭാഗമായി അംബാസിഡര്‍ അഹമ്മദ് ജാവേദ് റിയാദിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്ല അല്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഉന്നത കലാലയങ്ങളുമായി സഹകരിച്ച് പഠനാവസരങ്ങൊളൊരുക്കാന്‍ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കുന്ന 'സ്റ്റഡി ഇന്‍ ഇന്ത്യ' പദ്ധതിയെ കുറിച്ച് അംബാസിഡര്‍ അധികൃതര്‍ക്ക് പരിചയപ്പെടുത്തി. ഐ.ഐ.ടി, ഐ.ഐ.എം പോലെയുള്ള നൂറ്റമ്പതോളം പ്രശ്‌സത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് സഹകരണ കരാറുകളില്‍ ഏര്‍പ്പെട്ടു കൂടുതല്‍ പഠനാവസരങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പ്രദര്‍ശനവും വിദഗ്ധരെ പങ്കെടുപ്പിച്ചു സിമ്പോസിയവും നടത്തും.
കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയിലെ സയന്‍സ്, എന്‍ജിനീയറിങ്, ഐ.ടി കോളേജുകളിലായി 145 ഓളം ഇന്ത്യന്‍ അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ മികവും നേട്ടങ്ങളും പ്രശംസനീയമാണെന്ന് അബ്ദുള്ള അല്‍ സല്‍മാന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഡയറക്റ്റര്‍ മിസിയാദ് അല്‍ തുര്‍ക്കി, സയന്‍സ് കോളേജ് ഡീന്‍ നാസര്‍ അല്‍ ദാഗിരി, എഞ്ചിനീയറിങ് കോളേജ് ഡീന്‍ വലീദ് സാഹിദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."