ഫ്യുവല്‍ ചലഞ്ച് ഏറ്റെടുക്കാന്‍ മോദി തയാറുണ്ടോ: യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: രാജ്യം ഇന്ധനവില വര്‍ധനവിനാല്‍ നട്ടം തിരിയുമ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ആരോഗ്യ സംരക്ഷണത്തിന്റെ തിരക്കിലാണെന്ന് യൂത്ത് കോണ്‍ഗ്രസ്.
തിരുവനന്തപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പില്‍ സംഘടിപ്പിച്ച ഫ്യുവല്‍ ചലഞ്ചില്‍ സംസാരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് വലിയ കുഴപ്പമൊന്നുമില്ലാ എന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എ.ജി.സി ഓഫിസിന് മുന്‍വശത്തു നിന്നും ബൈക്കുകള്‍ ഉരുട്ടി പമ്പിലെത്തിയ പ്രവര്‍ത്തകര്‍ നിരന്ന് നിന്ന് പുഷ്അപ്പ് എടുത്ത ശേഷം ' ഞങ്ങളുടെ ആരോഗ്യം നന്നാണെന്നും അതിനാല്‍ പെട്രോള്‍ സൗജന്യമായി തരണമെന്നും' ആവശ്യപ്പെട്ടു. ആദ്യം അമ്പരന്ന ജീവനക്കാര്‍ പിന്നീടാണ് കാര്യം മനസിലാക്കിയത്. പിന്നീട് പണം നല്കി പെട്രോള്‍ അടിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
ആരോഗ്യം നന്നാണെന്നു ബോധ്യപ്പെടുത്തിയാലെങ്കിലും പ്രധാനമന്ത്രി ഇന്ധന വില കുറക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ എന്‍.എസ് നുസൂറും എസ്.എം ബാലുവും പറഞ്ഞു.
പ്രതിഷേധ പരിപാടിയില്‍ തിരുവനന്തപുരം അസംബ്ലി പ്രസിഡന്റ് മാര്ട്ടിന് പെരേര അധ്യക്ഷനായി. നേതാക്കളായ ഷൈന്‍ ലാല്‍, അരുണ്‍ സി.പി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."