കുപ്രസിദ്ധ മോഷ്ടാവ് പറക്കുംതളിക ബൈജു കഞ്ചാവുമായി പിടിയില്‍
നെയ്യാറ്റിന്‍കര: കുപ്രസിദ്ധ കുറ്റവാളി പറക്കുംതളിക ബൈജുവിനെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി നെയ്യാറ്റിന്‍കര പൊലിസ് പിടികൂടി. പെരുങ്കുളം വില്ലേജില്‍ പുവച്ചല്‍ കൊണ്ണിയൂര്‍ കോളൂര്‍ മേലെ പുത്തന്‍വീട്ടില്‍ ജയിംസിന്റെ മകന്‍ പറക്കുംതളിക ബൈജു എന്ന പേരില്‍ അറിയപ്പെടുന്ന ജയിന്‍ വിക്ടര്‍ (39) ആണ് ഇന്നലെ നെയ്യാറ്റിന്‍കര പൊലിസിന്റെ പിടിയിലായത്.
2017-ല്‍ നാനൂറിലധികം കേസുകളിലെ പ്രതി എറണാകുളം ബിജുവിനെ ജയിലില്‍ നിന്ന് പൊലിസ് അകമ്പടിയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി മടക്കി കൊണ്ട് പോകുന്നതിനിടയില്‍ മുന്‍ നിശ്ചയിച്ച പ്രകാരം പള്‍സര്‍ ബൈക്കിലെത്തിയ ബൈജു പൊലിസിനെ വെട്ടിച്ച് എറണാകുളം ബിജുവിനെ രക്ഷപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു. ബൈജുവിനെതിരേ 35-ല്‍ അധികം കേസുകള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
പള്‍സര്‍ ബൈക്കുകള്‍ മോഷണം, മാല മോഷണം, കഞ്ചാവ് കടത്ത് തുടങ്ങിയവയാണ് പ്രധാന കേസുകള്‍. പൊലിസിന്റെ കണ്ണ് വെട്ടിച്ച് നടന്ന ബൈജുവിനെ മൂന്നാഴ്ചകള്‍ക്ക് മുന്‍പ് വിളപ്പില്‍ശാല പൊലിസ് പിടികൂടിയിരുന്നു. ഇതിനിടയില്‍ ബൈജു മറ്റൊരാളുമായി അടി പിടി കൂടുന്നതിനിടയില്‍ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. പിടികൂടിയ പൊലിസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് സ്‌കാനിങിന് കൊണ്ട് പോകും വഴി പൊലിസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇത് പൊലിസിനിടയില്‍ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഇതിനിടയിലാണ് ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയ്ക്ക് സമീപം തൊഴുക്കലില്‍ നിന്ന് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇന്നലെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."