മേഖ്‌നു ഇന്ന് ഒമാനിലെത്തും, പിന്നാലെ കാലവര്‍ഷം കേരളത്തിലും
കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മേഖ്‌നു ഇന്ന് ഒമാന്‍ തീരത്തേക്ക് കടക്കുന്നതിനു പിന്നാലെ കാലവര്‍ഷക്കാറ്റ് (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) കേരളത്തിലെത്തും.
ഇന്നലെ കാലവര്‍ഷം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചില മേഖലകളില്‍ എത്തിയതായും അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ ദ്വീപിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയും സ്ഥിരീകരിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റും അതിനു തൊട്ടുപിന്നാലെ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മേഖ്‌നുവും കാരണം പ്രതീക്ഷിച്ചതിലും മൂന്നു ദിവസം വരെ വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തുക. ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാലവര്‍ഷക്കാറ്റിന് അറബിക്കടലിലേക്ക് പ്രവേശിക്കാനായില്ല.
തെക്കന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനു സമീപമാണ് ഇപ്പോള്‍ കാലവര്‍ഷക്കാറ്റുള്ളത്. നോര്‍ത്തേണ്‍ ലിമിറ്റ് ഓഫ് മണ്‍സൂണ്‍ (എന്‍.എല്‍.എം) ഇപ്പോള്‍ അക്ഷാംശം 5 ഡിഗ്രി വടക്കും രേഖാംശം 80 ഡിഗ്രി കിഴക്കുമാണ് സ്ഥിതിചെയ്യുന്നത്. തെക്കന്‍ അറബിക്കടലിലും കന്യാകുമാരി, മാലദ്വീപ് മേഖലകളിലും തെക്കന്‍ ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ കാലവര്‍ഷക്കാറ്റിന് പ്രവേശിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 24 മുതല്‍ 48 മണിക്കൂറില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷമെത്തും. സാധാരണ ആന്‍ഡമാനില്‍ കാലവര്‍ഷമെത്തി രണ്ട് ദിവസം കഴിഞ്ഞാണ് കേരളത്തില്‍ കാലവര്‍ഷമെത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ ജൂണ്‍ ഒന്നിനും വടക്കന്‍ കേരളത്തില്‍ രണ്ടിനും കാലവര്‍ഷമെത്താനാണ് സാധ്യത.
കേരളത്തില്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കനത്തമഴയ്ക്കു തന്നെ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. ഇത്തവണ ജൂണില്‍ മഴ കുറയുമെങ്കിലും ജൂലൈയില്‍ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍. മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) എന്ന മേഘക്കൂട്ടമാണ് മണ്‍സൂണ്‍ എത്തിക്കുന്നത്. ഭൂമധ്യരേഖയില്‍ നിന്ന് പുറപ്പെടുന്ന എം.ജെ.ഒ ഇന്ത്യന്‍ മഹാസമുദ്രം വഴിയാണ് അറബിക്കടലില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം 14 ജില്ലകളില്‍ 60 ശതമാനം മഴ രേഖപ്പെടുത്തിയതും മിനിക്കോയ്, അമിനി ദ്വീപ്, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കുട്‌ലു, മംഗലാപുരം എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി 2.5 മില്ലി മീറ്റര്‍ മഴ ലഭിച്ചാല്‍ മണ്‍സൂണ്‍ ആരംഭത്തിന് സമയമായെന്നാണ് ഐ.എം.ഡിയുടെ കാലാവസ്ഥാ ച്ചട്ടം. ഇതനുസരിച്ചാണ് കാലവര്‍ഷം എത്തുന്ന തിയതി കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."