കൊലക്കേസ് പ്രതികളെ പിടിക്കാതെ നിരപരാധികളെ വേട്ടയാടുന്നു; മാഹി പൊലിസിനെതിരേ സി.പി.എം
തലശ്ശേരി: പതുച്ചേരി പൊലിസിനെതിരേ സി.പി.എം പ്രക്ഷോഭത്തിനിറങ്ങുന്നു. സി.പി.എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റുചെയ്യാതെ നിരപരാധികളായ സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി മാഹി പൊലിസ് വേട്ടയാടുന്നുവെന്നാണു സി.പി.എം ഏരിയാകമ്മിറ്റിയുടെ ആരോപണം.
കൊലപാതകത്തെ തുടര്‍ന്ന് വികാരപരമായ സാഹചര്യത്തിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ മറപിടിച്ചാണു നിരപരാധികളായ പ്രവര്‍ത്തകരെ വീടുകയറി അറസ്റ്റുചെയ്ത് പ്രകോപനം സൃഷ്ടിക്കുന്നതെന്നും സി.പി.എം ഏരിയാസെക്രട്ടറി എം.സി പവിത്രന് പറഞ്ഞു.
അതിനിടെ കണ്ണിപ്പൊയില്‍ ബാബുവിന്റെ സംസ്കാര ചടങ്ങിനിടെ പൊലിസ് ജീപ്പ് ഉള്‍പ്പെടെ കത്തിച്ച കേസില്‍ പ്രതികളായ ആറു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.
നിടുമ്പ്രം തയ്യില്‍ ഹൗസില്‍ സുള്ഫര് (33), പള്ളൂര്‍ മനോളിക്കുന്നുമ്മല് എം.കെ ഷിബിന്‍ (22), പള്ളൂര്‍ നാലുതറയിലെ പടിഞ്ഞാറെ പാലോള്ളതില്‍ വിജിത്ത്കുമാര്‍ എന്ന കണ്ണി വിജിത്ത് (33), പള്ളൂര്‍ കുന്നുമ്മലിലെ വിനീഷ് എന്ന തേങ്ങാ വിനീഷ് (38), പന്ന്യന്നൂര്‍ കോട്ടാങ്കണ്ടിയില് ജിതേഷ്കുമാര്‍ എന്ന എലി ജിതേഷ് (34), പന്ന്യന്നൂര്‍ തന്‍വീര്‍ വില്ലയിലെ തന്‍വീര്‍ (34) എന്നിവരെയാണു പുതുച്ചേരി പൊലിസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പ്രതികളെ മാഹി കോടതി റിമാന്‍ഡ് ചെയ്തു.
പള്ളൂര്‍ ഇരട്ടപ്പിലാക്കൂലിലെ ബി.ജെ.പി ഓഫിസായ മാരാര്‍ജി മന്ദിരത്തിനു തീവയ്ക്കുകയും മാഹി തീരദേശ പൊലിസിന്റെ ജീപ്പ് കത്തിക്കുകയും വ്യാപാരസ്ഥാപനങ്ങളും വീടുകളും തകര്‍ത്ത കേസില്‍ 500 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
ഇതില്‍ 63 പേരെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞിരുന്നു. നേരത്തെ എട്ടു സി.പി.എം പ്രവര്‍ത്തകരെ ഈ കേസുകളില്‍ അറസ്റ്റുചെയ്തിരുന്നു. ഇതോടെ 14 സി.പി.എം പ്രവര്‍ത്തകര്‍ പള്ളൂര്‍ അക്രമ കേസുകളില്‍ റിമാന്‍ഡിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."